ലഖ്നൗ: ഉത്തർപ്രദേശിൽ ഏഴ് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു.
2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നൽകി. സ്ത്രീധനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഭർത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു. ഒടുവിൽ, ഏഴ് വർഷത്തിന് ശേഷം ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീലാണ് ഷീലു കണ്ടത്. അയാളെ തിരിച്ചറിഞ്ഞ ഉടൻ തന്നെ അവർ കോട്വാലി സാൻഡില പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് അന്വേഷണത്തിൽ ജിതേന്ദ്ര ലുധിയാനയിലേക്ക് താമസം മാറിയതായും അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും കണ്ടെത്തി. എന്നാൽ വീഡിയോയാണ് ഇയാളെ കുടുക്കിയത്.
ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സാൻഡില സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Uttar Pradesh woman spots missing husband on instagram reel finds out he has another wife