പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്, പരിശീലനം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുന്നണി വോട്ടുറപ്പിക്കാൻ എൻഡിഎ

സെപ്റ്റംബർ 8ന് പ്രധാനമന്ത്രി എല്ലാ എൻഡിഎ എം പിമാർക്കും അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്

ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാരെയും പാർലമെൻ്റിൽ എത്തിക്കാനുള്ള തന്ത്രങ്ങളുമായി എൻഡിഎ മുന്നണി. 425 എം പിമാരാണ് ലോക്സഭയിലും രാജ്യസഭയിലുമായി എൻ‍ഡിഎ മുന്നണിയ്ക്കുള്ളത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം എല്ലാ എംപിമാരെയും പാർലമെൻ്റിൽ എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര മന്ത്രിമാരെയും എം പിമാരെയും എൻഡിഎ മുന്നണി ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ എം പിമാരും ഡൽഹിയിലെത്തി വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഇവർ ഉറപ്പുവരുത്തുമെന്നാണ് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിൻ്റെ ഭാ​ഗമായി സെപ്റ്റംബർ 8ന് പ്രധാനമന്ത്രി എല്ലാ എൻഡിഎ എം പിമാർക്കും അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ മുന്നണി എം പിമാർക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് എം പിമാരെ ബോധവാന്മാരാക്കുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിൻ്റെ ശരിയായ രീതികൾ പരിശീലന പരിപാടിയിൽ വിശദീകരിക്കും. വോട്ട് അസാധുവാകാതിരിക്കുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ നൽകുന്ന പേന നിർബന്ധമായി ഉപയോ​ഗിക്കുന്നതിനെക്കുറിച്ചും ബാലറ്റ് കൃത്യമായി മടക്കുന്നതിനെക്കുറിച്ചും എം പിമാർക്ക് പരിശീലനം നൽകും. ക്രോസ് വോട്ടുകളും അസാധു വോട്ടുകളും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഡിഎ മുന്നണി തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രഹസ്യബാലറ്റ് ഉപയോ​ഗിച്ചുള്ള വോട്ടെടുപ്പായതിനാൽ വിപ്പ് നൽകുന്നത് പ്രായോ​ഗികമല്ലാത്തതിനാലാണ് എൻ‍ഡിഎ മുന്നണിയിലുള്ള പരമാവധി എം പിമാരുടെയും വോട്ട് സി പി രാധാകൃഷ്ണന് അനുകൂലമായി രേഖപ്പെടുത്താനുള്ള നീക്കങ്ങൾ എൻഡിഎ മുന്നണി നേതൃത്വം ശക്തമാക്കിയിരിക്കുന്നത്.

മുന്നണിയ്ക്ക് പുറമെ നിന്നുള്ള വോട്ടുകൾ സമാഹരിക്കാനുള്ള നീക്കങ്ങളും എൻഡിഎ നേതൃത്വം നടത്തുന്നുണ്ട്. വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി ഇതിനകം സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒഡീഷയിൽ നിന്ന് ബിജു ജനതാ​ദളിൻ്റെയും തെലങ്കാനയിൽ നിന്നും ബിആർഎസിൻ്റെയും പിന്തുണ നേടാനുള്ള ശ്രമങ്ങളും എൻഡിഎ നേതൃത്വം നടത്തുന്നുണ്ട്. ഏഴ് എം പിമാരുള്ള ബിജു ജനതാദൾ ഇതുവരെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കിയിട്ടില്ല. എൻഡിഎയോടും ഇൻഡ്യാ മുന്നണിയോടും കൃത്യമായ അകലം സൂക്ഷിക്കുന്ന ബിആർഎസും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിൽ പാർലമെൻ്റിൽ 55 ശതമാനത്തോളം വോട്ടുള്ള എൻഡിഎ 60 ശതമാനം വോട്ടെങ്കിലും നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 2022ൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ 74.4 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. ലോക്സഭയിലും രാജ്യസഭയിലുമായി, നേമിനേറ്റഡ് അം​ഗങ്ങൾ അടക്കം ആകെയുള്ള 782 എംപിമാർ ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 392 വോട്ട് നേടുന്ന സ്ഥാനാർത്ഥി ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.

സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവ് കൂടിയായ രാധാകൃഷ്ണൻ മഹാരാഷ്ട്ര ​ഗവർണറാണ്. മുൻ സുപ്രീം കോടതി ജഡ്ജി സുർശൻ റെഡ്ഡിയാണ് ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർത്ഥി. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ​ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു. രണ്ട് തവണ കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ കയർ ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ നാല് വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോ​ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31നാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്.

ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി തെലങ്കാന സ്വദേശിയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച സുദര്‍ശന്‍ റെഡ്ഡി 1988ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും നിയമിക്കപ്പെട്ടു. 1993ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദര്‍ശന്‍ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റത്. 2011ല്‍ വിരമിച്ചു.

Content Highlights: The NDA is preparing for the Vice Presidential election on 9 September

To advertise here,contact us