'റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക്‌മേൽ നികുതി ചുമത്തണം';യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ നിര്‍ദേശം

ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയതിന് സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

വാഷിംങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക്‌മേൽ നികുതി ചുമത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയതിന് സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ . ഇന്ത്യയിൽനിന്നും എണ്ണ, വാതകങ്ങൾ എന്നിവ വാങ്ങുന്നത് പൂർണമായും നിർത്തണമെന്നും യുഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ അമേരിക്ക അധിക തീരുവ ചുമത്തിയിരുന്നു. എന്നാൽ യുഎസിന്റെ താരിഫ് ഭീഷണിയെ വകവെക്കാതെ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുകയാണ്. ഇതാണ് യുഎസിനെ ചൊടിപ്പിച്ചത്.

യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവയിൽ രാജ്യം കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായുള്ള വ്യാപാരം ശക്തമായി തുടരുമ്പോൾ ഇന്ത്യക്കെതിരെ പ്രതികാര മനോഭാവത്തിൽ പ്രതികരിക്കുന്ന യുഎസിന്റെ നിലപാടിനെ രാജ്യം ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ-റഷ്യ യുദ്ധത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുകയാണെന്ന് യുഎസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഉയർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളോട് ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. ഇതിനായി റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് അലാസ്‌കയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച ഫലം കണ്ടില്ലെങ്കിലും ട്രംപിന്റെ നീക്കത്തെ യൂറോപ്യൻ രാജ്യങ്ങൾ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന യുഎസ് ആവശ്യത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.

അതേസമയം ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം യുഎസ് അപ്പീൽ കോടതി വിലയിരുത്തിയിരുന്നു. താരിഫ് ചുമത്താൻ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീൽ നൽകുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.

അതേസമയം അപ്പീൽ കോടതി വിധിക്കെതിരെ രംഗത്തെത്തിയ ട്രംപ്, വിധി അംഗീകരിക്കാൻ കഴിയില്ലെന്നും വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിന് തുല്യമാകുമെന്നും പറഞ്ഞിരുന്നു. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ 27ന് പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം 50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യൻ സമയം പകൽ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യൻ ചരക്കുകൾക്ക് പിഴച്ചുങ്കം ബാധകമായിരുന്നു

Content Highlights: White House asking Europe to tariff india like US over Russian oil trade

To advertise here,contact us