'വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹം,തലച്ചോറിന് എന്തോ കുഴപ്പമുണ്ട്': നടൻ രഞ്ജിത്ത്

മുഖ്യമന്ത്രി സ്റ്റാലിനെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ മുഖത്തടിക്കാൻ ആഗ്രഹമുണ്ടെന്ന് നടൻ രഞ്ജിത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് മോശമായി സംസാരിച്ചെന്ന വിജയ്‌യുടെ ആരോപണത്തെത്തുടർന്നാണിത്. കോയമ്പത്തൂരിലെ തുടിയലൂരിൽ ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ വിനായക ചതുർത്ഥി ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി മു‌സ്‌ലിം ജനതയെ വഞ്ചിച്ചുവെന്ന് പറയുന്ന വിജയ്, 2014 ഏപ്രിൽ 16-ന് കോയമ്പത്തൂരിൽ പ്രധാനമന്ത്രിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പി ഇരുന്നെന്നും അതു മറന്ന് ഇപ്പോൾ ശകാര ഭാഷയിലാണ് സംസാരമെന്നും നടൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്റ്റാലിനെ ‘അങ്കിൾ’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റർ’ എന്നും അഭിസംബോധന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

'2014-ൽ കോയമ്പത്തൂരിലെ കൊഡീഷ്യ മൈതാനത്ത് ഒരു പ്രചാരണ യോഗം നടന്നു. ആ സമയത്ത്, നടൻ വിജയ് കൈകൾ കൂപ്പി പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കുകയായിരുന്നു. ഇപ്പോൾ, അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നു, മോദി തന്റെ മു‌സ്‌ലിം സഹോദരങ്ങളെയും ഇസ്ലാം മതത്തെയും ഒറ്റിക്കൊടുക്കാൻ വന്നതാണോ എന്ന്. എന്നാൽ അന്ന് കൊഡീഷ്യ മൈതാനത്ത് നിങ്ങൾ എന്ത് ആവശ്യമാണ് മുന്നോട്ടുവെച്ചത്?. കച്ചത്തീവ് പുനഃസ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിച്ചിരുന്നോ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് നിങ്ങൾ ചോദിച്ചിരുന്നോ, വിദ്യാഭ്യാസത്തിൽ തുല്യത ആവശ്യപ്പെട്ടിരുന്നോ, അല്ലെങ്കിൽ വ്യാജ മദ്യ നിർമാണം വർദ്ധിച്ചുവെന്നും അത് നിർത്തണമെന്നും നിങ്ങൾ പറഞ്ഞിരുന്നോ?. സഹോദരൻ വിജയ് പല കാര്യങ്ങളും മറന്നുപോയതായി തോന്നുന്നു. അദ്ദേഹത്തിന്റെ തലച്ചോറിന് എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നു'. രഞ്ജിത്ത് വിമർശിച്ചു.

'ഞാൻ ഒരു വോട്ടറാണ്, ഞാൻ ഒരു പൗരനാണ്, എന്റെ അച്ഛൻ മോദിയാണ്. മിസ്റ്റർ… മിസ്റ്റർ എന്ന് കൈ വീശി മോദിയെ അഭിസംബോധന ചെയ്തപ്പോഴെല്ലാം എനിക്ക് വളരെ വേദന തോന്നി', അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Actor Ranjith criticizes Vijay for his remarks against Prime Minister Modi Narendra Modi

To advertise here,contact us