ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ അനന്തരവനെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ; സുതാര്യതയെ ബാധിക്കുമെന്ന് വിമർശനം

അഭിഭാഷകനായ രാജ് ദാമോദർ വാഖൊഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് വിമർശനം

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ അനന്തരവനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ വിവാദത്തിൽ. അഭിഭാഷകനായ രാജ് ദാമോദർ വാഖൊഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് വിമർശനം. ബന്ധുക്കളെ ജഡ്ജിമാരാക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിലെ സുതാര്യതയെ ബാധിക്കുമെന്നാണ് പ്രധാന വിമർശനം.

ബോംബെ ഹൈക്കോടതിയിലേക്ക് പുതിയതായി 14 ജഡ്ജിമാരെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ. ഈ പട്ടികയിലാണ് ഹൈക്കോടതി അഭിഭാഷകനും ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ അനന്തരവനുമായ രാജ് ദാമോദർ വാഖൊഡെ ഉൾപ്പെട്ടത്. 45-കാരനായ വാഖൊഡെയ്ക്ക് ഭാവിയിൽ സുപ്രീംകോടതി ജഡ്ജി പദവിയിലേക്കും എത്താനാകും. ബന്ധുക്കളെ ജഡ്ജിമാരായി നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയിലെ സുതാര്യത ഇല്ലാതാക്കുമെന്നാണ് പ്രധാന വിമർശനം.

ജഡ്ജിമാരുടെ ബന്ധുക്കൾ ജഡ്ജിമാരാകുന്നത് അപൂർവ്വമല്ല. നേരത്തെയും ഇത്തരം നിയമനങ്ങൾ നടത്തിയിട്ടുണ്ട് എന്നതാണ് ചരിത്രം. കൊളീജിയം ശുപാർശയനുസരിച്ച് ജഡ്ജി നിയമനത്തിന് അംഗീകാരം നൽകി വിജ്ഞാപനം ഇറക്കേണ്ടത് കേന്ദ്ര നിയമ മന്ത്രാലയമാണ്. മെയ് മാസത്തെ വിവരങ്ങൾ അനുസരിച്ച് നിലവിലെ സുപ്രീംകോടതി ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണ്.

രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ 687 സ്ഥിരം ജഡ്ജിമാരിൽ 102 പേർ മുൻകാല ജഡ്ജിമാരുടെ ബന്ധുക്കളാണെന്നാണ് മാർച്ചിൽ പുറത്തുവന്ന വിവരം. ഇത്തരം നിയമനങ്ങളിൽ തെറ്റില്ലെന്നും എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ നിയമനത്തിന് ആധാരമായ വസ്തുതകൾ പരസ്യപ്പെടുത്തണമെന്നാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓഖയുടെ അഭിപ്രായം.

Content Highlights: CJI's nephew among 14 lawyers recommended for Bombay High Court judgeship

To advertise here,contact us