നോയിഡ: ഉത്തര്പ്രദേശിലെ നോയിഡയില് സ്ത്രീധനത്തിന്റെ പേരില് നിക്കി ഭാട്ടി എന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില് ഭര്തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മുന്നേ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന നിക്കിയുടെ ഭര്ത്താവ് വിപിന് ഭാട്ടി കസ്റ്റഡിയില് നിന്ന് രക്ഷപ്പെടാന് ശ്രമിച്ചിരുന്നു. ഇതേതുടര്ന്ന് പൊലീസ് ഇയാളെ കാലിൽ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു. പിടിയിലായ വിപിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു.
നിക്കിയെ കൊലപ്പെടുത്താന് ഉപയോഗിച്ച ഇന്ധനം വാങ്ങിയ കുപ്പികള് വീണ്ടെടുക്കാന് പോകുമ്പോളായിരുന്നു വിപിന് ഓടി രക്ഷപ്പെടാന് ശ്രമിച്ചത്. 'നിങ്ങള്ക്ക് പശ്ചാത്താപമുണ്ടോ' എന്ന പൊലീസിന്റെ ചോദ്യത്തിന് 'ഞാന് എന്തിന് പശ്ചാത്തപിക്കണം, അവള് സ്വയം തീകൊളുത്തി മരിച്ചതാണ്' എന്നായിരുന്നു വിപിന്റെ പ്രതികരണം.
അതേസമയം അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ചേര്ന്ന് അമ്മയെ അടിക്കുകയും ശരീരത്തില് എന്തോ ദ്രാവകം ഒഴിച്ച് തീകൊളുത്തുകയും ചെയ്തുവെന്ന് അവരുടെ ആറു വയസുകാരനായ മകനും പറഞ്ഞിരുന്നു. നിക്കിയെ ഭര്ത്താവും അയാളുടെ മാതാപിതാക്കളും ചേര്ന്ന് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിച്ചിരുന്നു. മൂവരും ചേര്ന്ന് നിക്കിയെ അടിക്കുകയും, മുടിയില് പിടിച്ച് വലിക്കുകയും തീകൊളുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഓഗസ്റ്റ് 21നായിരുന്നു ഭര്ത്താവ് വിപിനും ഇയാളുടെ മാതാപിതാക്കളും ചേര്ന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതേ കുടുംബത്തിലേക്ക് തന്നെ വിവാഹം ചെയ്ത് എത്തിയ നിക്കിയുടെ സഹോദരി കഞ്ചന്റെയും നിക്കിയുടെ മകന്റെയും കണ്മുന്നില് വച്ചായിരുന്നു ക്രൂരത. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്ന് ദിവസങ്ങള് പിന്നിട്ടിട്ടും വിപിനെയോ അയാളുടെ മാതാപിതാക്കളെയോ അറസ്റ്റ് ചെയ്യാന് പൊലീസ് തയ്യാറായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരില് കൊടിയ പീഡനങ്ങളാണ് നിക്കിക്ക് ഭര്ത്താവിന്റെ വീട്ടില് നിന്ന് അനുഭവിക്കേണ്ടി വന്നത്. സ്ത്രീധന ആവശ്യം പറഞ്ഞ് മകളെ അവരുടെ ഭര്ത്താവിന്റെ കുടുംബം നിരന്തരം ഉപദ്രവിച്ചിരുന്നതായി നിക്കിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight; UP dowry death: Husband in 14-day custody, mother-in-law arrested