കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും ആർട് ഡയറക്റ്ററുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷം പാൻ ഇന്ത്യൻ ലെവലിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ. ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.
മ ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
Content Highlights: KGF star Dinesh Mangalore passes away