20 രൂപയുടെ വെള്ളക്കുപ്പിക്ക് 100 രൂപ വില, സര്‍വീസ് ചാര്‍ജ് വേറെയും; വിമർശിച്ച് കോടതി

സര്‍വീസ് ചാര്‍ജും ജിഎസ്ടിയും കൂടി വസൂലാക്കാനുള്ള തീരുമാനത്തെയാണ് കോടതി ചോദ്യം ചെയ്തത്

ന്യൂഡല്‍ഹി: വിപണിയില്‍ 20 രൂപ മാത്രം വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വില്‍ക്കുന്നതിന് പുറമെ റെസ്റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കുന്നതിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. റസ്‌റ്റോറന്റുകള്‍ക്കകത്തെ മികച്ച അന്തരീക്ഷവും ഇരിക്കാനുള്ളതും മറ്റുമായ സൗകര്യങ്ങളും ചൂണ്ടിക്കാണിച്ചാണ് 20 രൂപ വിലയുള്ള വെള്ളക്കുപ്പിക്ക് 100 രൂപ ഈടാക്കുന്നത്. അതോടൊപ്പം സര്‍വീസ് ചാര്‍ജും ജിഎസ്ടിയും കൂടി വസൂലാക്കാനുള്ള തീരുമാനത്തെയാണ് കോടതി ചോദ്യം ചെയ്തത്. ഡി കെ ഉപാദ്ധ്യായ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് റസ്റ്റോറന്റുകളുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇത്തരത്തില്‍ വെള്ളത്തിനടക്കം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

വെള്ളം പോലുള്ള അടിസ്ഥാന വസ്തുക്കള്‍ക്ക് അധിക വില ഈടാക്കുന്നതിനൊപ്പം സര്‍വീസ് ചാര്‍ജ് കൂടി ചോദിക്കുന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. വെള്ളക്കുപ്പിക്ക് 80 രൂപ അധികം ഈടാക്കുന്നത് റസ്‌റ്റോറന്റിന്റെ അന്തരീക്ഷം ആസ്വദിക്കുന്നതിനാലാണെന്ന് മെനു കാര്‍ഡില്‍ വ്യക്തമാക്കുന്നില്ല. നല്ല ആമ്പിയന്‍സ് നല്‍കുന്നത് സര്‍വീസിന്റെ ഭാഗമാണെന്നിരിക്കെ എംആര്‍പിയെക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നതിന് പിന്നാലെ സര്‍വീസ് ചാര്‍ജ് കൂടി വാങ്ങുന്നത് എന്തിനാണെന്ന് മനസിലായില്ലെന്നും കോടതി പറഞ്ഞു.

ജിഎസ്ടി ഈടാക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. സംഭവത്തില്‍ ജിഎസ്ടി വകുപ്പിന്റെ അഭിഭാഷകനോട് കോടതി വിശദീകരണം ചോദിച്ചു. കേസ് സെപ്റ്റംബര്‍ 22ലേക്ക് മാറ്റിവച്ചു.

Content Highlight; Court slams ₹100 charge for ₹20 water bottle with extra service fees

To advertise here,contact us