ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ വിപിൻ ഭാട്ടിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിപിന്റെ ഭാര്യ നിക്കി മരിച്ചത്. നിക്കിയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നിക്കിയുടെ ശരീരത്തിലൊഴിക്കാൻ പ്രതി ഉപയോഗിച്ച തീപിടിക്കുന്ന ദ്രാവകം കണ്ടെത്താനായി ഇയാളെ വീട്ടിലെത്തിക്കുന്നതിനിടെ പൊലീസിന്റെ തോക്കു തട്ടിയെടുത്ത് ഇയാൾ വെടിയുതിർത്തു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന പൊലീസ് കാലിലാണ് വെടിവെച്ചത്.
വിപിനും അയാളുടെ അമ്മയും ചേർന്നാണ് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് സഹോദരി കഞ്ചൻ ആരോപിക്കുന്നത്. വിപിന്റെ സഹോദരൻ രോഹിത്തിന്റെ ഭാര്യയാണ് നിക്കിയുടെ സഹോദരിയായ കഞ്ചൻ. അമ്മയും മകനും ചേർന്ന് നിക്കിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ കഞ്ചൻ പുറത്ത് വിട്ടിട്ടുണ്ട്. തീപിടിച്ച നിലയിൽ നിക്കി പടികൾ ഓടിയിറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിപിനും അമ്മ ദയയും പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സഹോദരൻ രേഹിത്തും പിതാവ് സത്യവീറും ഒളിവിലാണ്.
രാവിലെ ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികളെ വെടിവെച്ച് കൊല്ലണമെന്ന് നിക്കിയുടെ പിതാവ് ഭീക്കാരി സിംഗ് പയ്ല പറഞ്ഞിരുന്നു. പാർലർ നടത്തിയാണ് നിക്കി കുട്ടിയെ സംരക്ഷിച്ചിരുന്നതെന്നും ഭർതൃവീട്ടുകാർ അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും പിതാവ് ആരോപിച്ചിരുന്നു. പൊലീസ് വെടിയുതിർത്ത് വിപിനെ കീഴ്പ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു നിക്കിയുടെ പിതാവിന്റെ ഈ പ്രതികരണം.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നങ്ങൾ സർവസാധാരണമാണെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിക്കി ജീവനൊടുക്കുകയാണ് ഉണ്ടായതെന്നുമാണ് പിടിയിലായ പ്രതിയുടെ വാദം. നിക്കിയും സഹോദരി കഞ്ചനും 2016 ഡിസംബർ 26നാണ് യഥാക്രമം വിപിനെയും സഹോദരൻ രോഹിത്തിനെയും വിവാഹം കഴിച്ചത്. ടോപ് മോഡൽ സ്കോർപിയോ എസ്യുവി, റോയൽ എൻഫീൽഡ് ബുള്ളറ്റ്, പണം, സ്വർണം, അങ്ങനെയെല്ലാം പെൺകുട്ടികളുടെ കുടുംബം സ്ത്രീധനമായി നൽകി. എന്ത് നൽകിയിട്ടും ഭർത്താക്കന്മാരും വീട്ടുകാരും സംതൃപ്തരായിരുന്നില്ലെന്ന് കഞ്ചൻ പറയുന്നു.
മറ്റ് സ്ത്രീകളുമായി വിപിനും രോഹിത്തും ബന്ധം പുലർത്തിയിരുന്നു. ഇത് ചോദ്യം ചെയ്താൽ പ്രശ്നമുണ്ടാക്കുകയായിരുന്നു ഇവരുടെ പതിവ്. നിക്കിയും കഞ്ചനും മേക്കപ്പ് സ്റ്റുഡിയോ നടത്തുന്നതിലും ഭർതൃവീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. സമ്പാദ്യമെല്ലാം തട്ടിയെടുത്തിട്ട് മർദിക്കുക പതിവായിരുന്നെന്നും കഞ്ചൻ ആരോപിക്കുന്നു. ശരീരത്തിൽ തീപിടിച്ച് ഓടിയിറങ്ങിയ നിക്കിയെ വെള്ളമൊഴിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും താൻ ആ വീഡിയോ ചിത്രീകരിച്ചില്ലായിരുന്നെങ്കിൽ സത്യമൊരിക്കലും പുറത്തുവരില്ലായിരുന്നെന്നും കഞ്ചൻ പറയുന്നു.Content Highlights: Greater Noida dowry case accused shot while trying to escape