മൂത്രം കൊണ്ട് പാത്രം കഴുകി വീട്ടുജോലിക്കാരി; ഒളിക്യാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യം

10 വർഷത്തോളമായി ഇവർ ഈ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി പാത്രത്തിൽ ദുർഗന്ധവും ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയും ശ്രദ്ധയിൽപ്പെടുകയായിരുന്നു

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ജോലിചെയ്യുന്ന വീട്ടിലെ പാത്രം മൂത്രം ഉപയോഗിച്ച് കഴുകി ജോലിക്കാരി. നാഗിന പ്രദേശത്തെ വീട്ടിലാണ് സംഭവം. സാമന്ത്ര എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 10 വർഷത്തോളമായി ഇവർ ഈ വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങളായി പാത്രത്തിൽ ദുർഗന്ധവും ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയും ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം അടുക്കളയിൽ ജോലിക്കാരി കാണാതെ ക്യാമറ വെക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്. വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു.

ജോലി ചെയ്യുന്ന വീട്ടിലെ അടുക്കളയിൽ വെച്ച് ഗ്ലാസിലേക്ക് മൂത്രമൊഴിച്ച് ജോലിക്കാരി പാത്രങ്ങളിൽ തളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വീട്ടുകാരുടെ പരാതിപ്രകാരമാണ് നാഗിന പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് നാഗിന പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ചയ് കുമാർ പറഞ്ഞു.

അതേസമയം യുവതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പ്രദേശവാസികളിൽ ചിലർ പറയുന്നുണ്ട്. എന്നാൽ ഇത് ബോധപൂർവ്വം ചെയ്തതാണ് എന്നാണ് മറ്റു ചിലരുടെ ആരോപണം.

അതേസമയം കഴിഞ്ഞ വർഷം ഗാസിയബാദിലും സമാന സംഭവം നടന്നിരുന്നു. വീട്ടുജോലിക്കാരി മൂത്രം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തതായിരുന്നു ഇത്. വിട്ടുമാറാത്ത വയറുവേദനയ്ക്ക് പിന്നാലെ വീട്ടുകാർ അടുക്കളയിൽ ക്യാമറ വെക്കുകയായിരുന്നു. ഇതിലാണ് ജോലിക്കാരി മൂത്രം ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കിയ ദൃശ്യങ്ങൾ പതിഞ്ഞത്. ഇവരെ പൊലീസ് പിടികൂടിയിരുന്നു.

Content Highlights: Domestic Help In Uttar pradesh caught urinating on Utensils in viral video, arrested

To advertise here,contact us