ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുമോ? വ്യക്തത വരുത്തി കേന്ദ്രം

ചിലര്‍ക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരമുണ്ടായിരുന്നു

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്.

'ടിക് ടോകിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്', കേന്ദ്രം പറയുന്നു.

ചിലര്‍ക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ അതും തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ടിക് ടോക് ആക്‌സസ് ചെയ്യാന്‍ സാധിച്ചവര്‍ക്ക് ലോഗിന്‍ ചെയ്യാനോ വീഡിയോകള്‍ കാണാനോ, അപ്ലോഡ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വ്യാപിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങിയെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത്. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചത്.

ടിക് ടോക് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളാണ് അന്ന് സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 69എ പ്രകാരമായിരുന്നു നിരോധനം.

Content Highlights: Central government rejected news about Tik Tok backed in India

To advertise here,contact us