അഗർത്തല: ത്രിപുരയിലെ ഗോമതി ജില്ലയിൽ ഓടുന്ന കാറിൽ യുവതി ബലാത്സംഗത്തിനിരയായി. ഉദയ്പൂരിലാണ് സംഭവം. അയൽവാസികളായ യുവാക്കളാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്ക് പോസ്റ്റിൽ കാർ പരിശോധിക്കുന്നതിനിടെ യുവതി പീഡന വിവരം പൊലീസിനോട് പറയുകയും പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു,
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഉദയ്പൂർ നഗരത്തിലുള്ള ത്രിപുരേശ്വരി ക്ഷേത്ര സന്ദർശനത്തിന് പോയതായിരുന്നു യുവതി. അയൽവാസികളായ യുവാക്കളും ഇവർക്ക് പിന്നാലെ ക്ഷേത്രത്തിലെത്തി. ക്ഷേത്രദർശനത്തിന് ശേഷം യുവതി പുറത്തിറങ്ങിയപ്പോൾ യുവാക്കൾ ഇവരെ കാറിൽ കയറ്റുകയും ഉദയ്പൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിനിടെയാണ് യുവതിയെ പ്രതികളായ മിഥുനും ബോവറും പീഡിപ്പിച്ചത്.
രാത്രി പത്ത് മണിയോടെ ചെക്ക്പോസ്റ്റിലൂടെ കാർ കടന്നുപോകുമ്പോഴാണ് പൊലീസ് ഇവരെ കാണുന്നതും തടയുന്നതും. ഇതിനിടെയാണ് യുവതി പീഡന വിവരം പൊലീസിനോട് പറയുന്നത്. ഇതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം പ്രതികൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തു. ഇരുവർക്കും 24 വയസ് മാത്രമാണ് പ്രായം. ഫോറൻസിക് വിഭാഗം വാഹനം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രാദേശിക കോടതിയിലെത്തി അതിജീവിത മൊഴി നൽകിയിട്ടുണ്ട്.
Content Highlights: Woman raped inside moving car in Tripura