ക്രിമിനലുകളുടെയും അഴിമതിക്കാരുടെയും സ്ഥാനം ജയിലിൽ, അധികാരത്തിൽ വേണ്ട; ബംഗാളിൽ മമതയ്‌ക്കെതിരെ നരേന്ദ്ര മോദി

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ജയിലിലായാല്‍ അവരെ പിരിച്ചുവിടാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമസംവിധാനം ഇവിടെയില്ലെന്ന് മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന റാലിയിൽ കടുത്ത വിമർശവുമായി നരേന്ദ്ര മോദി. ലോക്സഭയിൽ അവതരിപ്പിച്ച 130-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ വിമർശനം. ക്രിമിനലുകളുടേയും അഴിമതിക്കാരുടേയും സ്ഥാനം ജയിലിലാണെന്നും അവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മോദി പറഞ്ഞു. അടുത്ത വര്‍ഷം ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ 130-ാം ഭരണഘടനാ ഭേദഗതിയെ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിർത്തിരുന്നു.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ജയിലിലായാല്‍ അവരെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമസംവിധാനം ഇവിടെയില്ലെന്ന് മോദി പറഞ്ഞു. ജയിലില്‍ ഇരുന്ന് അവര്‍ ഭരണം നടത്തും. അത് എത്രത്തോളം നാണക്കേടുള്ള സംഭവമാണെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു മന്ത്രി ഇപ്പോഴും ജയിലിലാണ്. അദ്ദേഹം അധികാരം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ലെന്നും മോദി ആഞ്ഞടിച്ചു. അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ നിലവില്‍ ജയിലിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പ്രതികരണം.

ലോക്‌സഭയില്‍ കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 130-ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. മുപ്പത് ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ അടക്കമുള്ളവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതാണ് ബില്‍. ഇതിനെതിരെ തൃണമൃല്‍ കോണ്‍ഗ്രസ് എംപിമാര്‍ വ്യാപക പ്രതിഷേധമായിരുന്നു നടത്തിയത്. ബില്‍ വലിച്ചുകീറി അമിത് ഷായുടെ മുഖത്തേയ്ക്ക് എറിഞ്ഞായിരുന്നു തൃണമൂല്‍ എംപിമാര്‍ പ്രതികരിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ അമിത് ഷാ ബില്‍ അവതരണം പൂര്‍ത്തിയാക്കുകയായിരുന്നു.

Content Highlights- Criminals and corrupt should be in jail prime minister modi at bengal rally

To advertise here,contact us