വിജയ്‌യുടെ മധുര മാനാടിന് തുടക്കം; ആവേശത്തിരയിളക്കി തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍

മധുര ജില്ലയിലെ പരപതിയിലാണ് ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്

മധുര: വിജയ്‌യുടെ ടിവികെ പാർട്ടിയുടെ മധുര മാനാടിന് തുടക്കം. ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവര്‍ത്തകരാണ് പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. ടിവികെയും പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ടിവികെ പ്രസി‍ഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. തുടർന്ന് വേദിയിലിരുന്ന നേതാക്കൾ പാർട്ടി പ്രതിജ്ഞ ചൊല്ലിയതോടെ സമ്മേളനത്തിന് പ്രൗഢ​ഗംഭീര തുടക്കമായി.

മധുര ജില്ലയിലെ പരപതിയിൽ നടക്കുന്ന വിജയ്‌യുടെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തിൽ തമിഴക വെട്രി കഴകം (ടിവികെ) ജനറൽ സെക്രട്ടറി എൻ ആനന്ദും ടിവികെയിൽ ചേരാൻ സ്വമേധയാ വിരമിച്ച മുൻ ഐആർഎസ് ഉദ്യോഗസ്ഥനും പാർട്ടിയുടെ പ്രചാരണ-നയ സെക്രട്ടറിയുമായ കെ ജി അരുൺരാജ് എന്നിവരും പ്രവർത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്തു. കുടുംബവാഴ്ചയുടെ രാഷ്ട്രീയത്തെയും അഴിമതിയെയും വിമർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനമാണ് ടിവികെയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ആധവ് അർജുൻ ഉന്നയിച്ചത്. തമിഴ്‌നാട് വാണിജ്യ നികുതി മന്ത്രിയും മധുര ഈസ്റ്റ് എംഎൽഎയുമായ പി മൂർത്തി സമ്മേളനം സംഘടിപ്പിക്കുന്നതിൽ ടിവികെക്ക് നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും ആധവ് അ‍ർജുൻ ആരോപിച്ചു.

ടിവികെ പാ‍ർട്ടി പ്രവർത്തകരെ 'സിംഹക്കുട്ടികൾ' എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു വിജയ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിജയ് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കിയത്. കാട്ടിലെ രാജാവായ സിംഹത്തിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം ആരംഭിച്ചത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയാണ് തന്റെ പാർട്ടിയുടെ മുൻഗണനയെന്ന് വിജയ് വ്യക്തമാക്കി. ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രു ബിജെപി ആണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെ ആണെന്നും വിജയ് സംസ്ഥാന സമ്മേളനത്തിലെ പ്രസം​ഗത്തിൽ ആവർത്തിച്ചു. ആർ‌എസ്എസിന് അടിമകളാകണ്ട ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും തമിഴ്‌നാട് ജനതയുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും വിജയ് വിമർശിച്ചു. പാഴ് വാ​ഗ്ദാനങ്ങൾ നൽകി തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ സ്ത്രീകളെയും സർ‌ക്കാർ ജീവനക്കാരെയും വ്യത്യസ്ത വിഭാ​ഗങ്ങളിലുള്ള ജനങ്ങളെയും വഞ്ചിച്ചുവെന്നും വിജയ് കുറ്റപ്പെടുത്തി.

അപ്രതീക്ഷിത പ്രഖ്യാപനം നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഒരു നിമിഷം നിര്‍ത്തിയതിന് ശേഷം മധുര ജില്ലയിലെ മറ്റ് ഒമ്പത് നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക അദ്ദേഹം വായിച്ചു. തുടർന്ന് തമിഴ്‌നാട്ടിലുടനീളമുള്ള ഓരോ മണ്ഡലത്തിലും ടിവികെ കേഡര്‍മാര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ (വിജയ്) മത്സരിക്കുന്നുവെന്ന് അര്‍ത്ഥമാക്കണമെന്നും ടിവികെയ്ക്ക് വോട്ട് ചെയ്യുക എന്നാല്‍ വിജയ്‌യ്ക്ക്വോട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധുരയിൽ നടക്കുന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച രാത്രി തന്നെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ടിവികെ പ്രവർത്തകരും വിജയ്‌യുടെ ആരാധകരും സമ്മേളന വേദിയിലേയ്ക്ക് എത്തിച്ചേ‍ർന്നിരുന്നു. ഒന്നര ലക്ഷത്തിലധികം പേർക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്ന മധുരയിലെ പരപതിയിലെ വേദി അതിരാവിലെ മുതൽ നിറഞ്ഞു തുടങ്ങിയിരുന്നു.

2024 ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. എട്ട് മാസത്തിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ ടിവികെ അതിൻ്റെ ആദ്യ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരുന്നു.

Content Highlights: TVK State conference in Madurai Vijay hoists party flag as event begins

To advertise here,contact us