'കണ്ണുതുറന്നപ്പോള്‍ കണ്ടത് അമ്മയും മാമനും കൂടി അച്ഛനെ വീപ്പയിലാക്കുന്നത്';യുവാവിന്‍റെ കൊലപാതകത്തില്‍ അറസ്റ്റ്

ഭാര്യ സുനിതയും കാമുകന്‍ ജിതേന്ദ്രയുമാണ് പിടിയിലായത്

ജയ്പൂര്‍: ആള്‍വാറില്‍ യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഭാര്യയും കാമുകനും പിടിയില്‍. ഭാര്യ സുനിതയും കാമുകന്‍ ജിതേന്ദ്രയുമാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം ജിതേന്ദ്രയും സുനിതയും മൂന്ന് മക്കളെയും കൂട്ടി 50 കിലോമീറ്റര്‍ അകലെയുള്ള ഇഷ്ടികച്ചൂളയില്‍ പോയി ഒളിച്ചിരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജ് എന്ന യുവാവിന്റെ മൃതദേഹമാണ് ഞായറാഴ്ച വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഒരു ഇഷ്ടിക കളത്തിലെ ജോലിക്കാരനായിരുന്നു ഇയാള്‍. എട്ട് വയസ്സുകാരനായ മകനാണ് പൊലീസിന് സാക്ഷിമൊഴി നല്‍കിയത്.

'സംഭവ ദിവസം അമ്മയും അച്ഛനും ആ മാമനും ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടു. അച്ഛനും ആ മാമനും ഒരുപാട് കുടിച്ചു. മദ്യപിച്ചതിന് ശേഷം അച്ഛന്‍ അമ്മയെ തല്ലാന്‍ തുടങ്ങി. ആ മാമന്‍ അച്ഛനോട് വഴക്കിട്ടു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് പറഞ്ഞ് അച്ഛന്‍ മാമനെ ഭീഷണിപ്പെടുത്തി', മകന്റെ മൊഴിയില്‍ പറയുന്നു. ഇതോടെ അയാള്‍ തന്റെ അച്ഛനെ ഉപദ്രവിച്ചെന്നും ഇതെല്ലാം നോക്കിനിന്ന തന്നോട് പോയിക്കിടന്നുറങ്ങാനാണ് അമ്മ പറഞ്ഞതെന്നും മകന്‍ പറഞ്ഞു. പിന്നെ കണ്ണുതുറന്നപ്പോള്‍ കണ്ടത് അമ്മയും മാമനും കൂടി അച്ഛനെ വീപ്പയിലാക്കുന്നതാണെന്നും അച്ഛന്‍ മരിച്ചുപോയി എന്ന് അമ്മ പറഞ്ഞതായും മകന്‍ കൂട്ടിച്ചേര്‍ത്തു. ശേഷം അതില്‍ വെള്ളം നിറച്ച് ഉപ്പും വാരിയിട്ടുവെന്ന് മകന്‍ പറഞ്ഞു.

ഹന്‍സ് രാജ് ഭാര്യ സുനിതയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. തന്നെയും അച്ഛന്‍ തല്ലാറുണ്ടായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നരമാസം മുമ്പായിരുന്നു തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ ഹന്‍സ്‌രാജും ഭാര്യ സുനിതയും ഇവരുടെ മൂന്നുമക്കളുമടങ്ങുന്ന കുടുംബം താമസിക്കാനെത്തിയത്. പിന്നാലെ വീട്ടുടമസ്ഥയുടെ മകനായ ജിതേന്ദ്രയുമായി സുനിത പ്രണയത്തിലാകുകയായിരുന്നു.

ഹന്‍സ്‌രാജിനെയടക്കം വീട്ടിലെ ആരെയും കാണാതായതോടെ വീട്ടുടമ മകനായ ജിതേന്ദ്രയെ വിളിച്ച് കാര്യം പറയുകയായിരുന്നു. അമ്മയുടെ നിര്‍ദേശ പ്രകാരം ജിതേന്ദ്ര തന്നെയാണ് കാണാതായതിന്റെ പരാതി നല്‍കിയത്. ഇതിനിടെ വീടിന്റെ ഒന്നാം നിലയിലേക്ക് മറ്റ് ചില ആവശ്യങ്ങള്‍ക്കായി വീട്ടുടമ എത്തിയപ്പോള്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പ്രായമായ സ്ത്രീ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: Decomposing body of young man found inside barrel in Rajasthan Wife and boyfriend arrested

To advertise here,contact us