ഗുവാഹത്തി: മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജ്, കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. ഓഗസ്റ്റ് 22-ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് രണ്ട് മാധ്യമപ്രവർത്തകരോടും ഗുവാഹത്തി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സമൻസിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പൊലീസ് പങ്കുവെച്ചിട്ടില്ല.
സ്റ്റേഷനിൽ ഹാജരാകാതിരുന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സമൻസിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്. ബിഎൻഎസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയാണ് ബിഎൻഎസിന്റെ 152-ാം വകുപ്പ് പരാമർശിക്കുന്നത്.
മുമ്പ് 2025 ജൂൺ 28-ന് 'ദി വയറി'ൽ പ്രസിദ്ധീകരിച്ച IAF Lost Fighter Jets to Pak Because of Political Leadership’s Constraints’: Indian Defence Attache എന്ന വാർത്തയെത്തുടർന്ന് ബിജെപി ഉദ്യോഗസ്ഥൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് 2025 ജൂലൈ 11-ന് മോറിഗാവിൽ വരദരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
Content Highlights: Guwahati police summon journalists Karan Thapar and Siddharth Varadarajan on sedition-linked case