ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഐഎസ്ആർഒ ബഹിരാകാശ യാത്രികന്റെ ജാക്കറ്റ് ധരിച്ച് എത്തിയ ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആക്സിയം -4 മിഷൻ പാച്ച് സമ്മാനിക്കുകയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് ശുഭാംശു ശുക്ല. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ജൂലൈ 15 ന് അദ്ദേഹം തിരികെ എത്തി. 18 ദിവസത്തെ ദൗത്യത്തിനിടെ ശുക്ല, ബഹിരാകാശയാത്രികരായ പെഗ്ഗി വിറ്റ്സൺ, സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കി, ടൈബോര്‍ കാപു (ഹംഗറി) എന്നിവരോടൊപ്പം ഐഎസ്എസിൽ 60 ലധികം പരീക്ഷണങ്ങളും 20 ഔട്ട്റീച്ച് സെഷനുകളും നടത്തി.

ശനിയാഴ്ച വിമാനത്തിൽ ഇരിക്കുന്ന ഒരു ഫോട്ടോ ശുഭാംശു ശുക്ല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'കഴിഞ്ഞ ഒരു വർഷമായി ഈ ദൗത്യത്തിൻ്റെ ഭാ​ഗമായതിനാൽ എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തനിച്ചാക്കിയതിൽ എനിക്ക് സങ്കടമുണ്ട്. ദൗത്യത്തിന് ശേഷം എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും ആദ്യമായി കണ്ടുമുട്ടുന്നതിൽ ഞാൻ വളരെ ആവേശത്തിലാണെണ്. ദൗത്യത്തിനിടയിലും അതിനുശേഷവും എല്ലാവരിൽ നിന്നും സ്നേഹവും പിന്തുണയും ലഭിച്ചതിനാൽ എൻ്റെ അനുഭവങ്ങൾ നിങ്ങളുമായി പങ്കിടാൻ ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ കാത്തിരിക്കുകയായിരുന്നുവെന്നും' ശുഭാംശു ശുക്ല പോസ്റ്റിൽ കുറിച്ചിരുന്നു.

Content Highlight : PM Modi Meets Group Captain Shubhanshu Shukla, 2nd Indian To Go To Space

To advertise here,contact us