ഓര്‍ഡര്‍ ചെയ്ത മരുന്ന് വൈകി; ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ യുവാവ് പൊലീസ് പിടിയിലായി

മുംബൈ: മുംബൈയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത മരുന്ന് വൈകിയതിന് ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. സ്ഥിരമായി കഴിക്കുന്ന മരുന്ന് വൈകിയത് യുവാവിനെ ചൊടിപ്പിച്ചിരുന്നു. സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ സൗരഭ് കുമാര്‍ (35) പൊലീസ് പിടിയിലായി.

ഉറക്കക്കുറവിന് സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ് സൗരഭ്. ഈ മരുന്നാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഡെലിവറി ബോയ് വൈകി. വെള്ളിയാഴ്ച്ച രാത്രി ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിയത് ശനിയാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു. ഡെലിവറി ബോയ് മരുന്നുമായി എത്തിയപ്പോള്‍ സൗരഭ് അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. സൗരഭ് വെടിയുതിര്‍ത്തെങ്കിലും ഡെലിവറി ബോയ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.

മരുന്നുമായി ഡെലിവറി ബോയ് എത്തിയപ്പോള്‍ സൗരഭ് അത് വാങ്ങാന്‍ തയ്യാറാവാതെ ഫ്‌ളാറ്റില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. എന്നാല്‍ ഡെലിവറി ബോയ് നിര്‍ത്താതെ കോളിങ് ബെല്ലടിക്കാന്‍ തുടങ്ങി. ഇതാണ് സൗരഭിനെ ചൊടിപ്പിച്ചത്. ദേഷ്യത്തില്‍ പുറത്തേക്കിറങ്ങി സൗരഭ് ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Content Highlight; Man Shoots Delivery Boy with Airgun Over Delayed Order

To advertise here,contact us