വാതിലുകൾ എല്ലാ പാർട്ടികൾക്കും മുമ്പാകെ തുറന്നുവെച്ചിരിക്കുന്നു,ആർക്കും പരാതി അറിയിക്കാം: തെരഞ്ഞെടുപ്പ്കമ്മീഷൻ

രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ കര്‍ത്തവ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. ആര്‍ക്കും പരാതി അറിയിക്കാം', മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ എസ്‌ഐആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'കോടതിയെ സമീപിക്കാതെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്നത് അപകടകരം. ഭരണഘടനയെ അപമാനിക്കുന്നു. വോട്ടര്‍മാരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ വീഡിയോയില്‍ നല്‍കുന്നു. അവരുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത്. വോട്ടെടുപ്പില്‍ ഒരു കോടിയിലധികം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പോളിംഗ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇവരെയൊക്കെ മറികടന്ന് വോട്ട് ചോരി എങ്ങനെ നടക്കും', മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചോദിച്ചു.

വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വരണാധികാരികളെ അതിനായി സമീപിക്കാമെന്നും അതിന് മുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സമീപിക്കാമെന്നും അതുമല്ലെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ബൂത്തിലും പോളിംഗ് ഏജന്റുമാരുണ്ടാകുമെന്നും വോട്ട് ചെയ്യുന്നത് ആരാണെന്ന് പോളിംഗ് ഏജന്റുമാര്‍ക്ക് അറിയാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'ഒരാള്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നുണ്ടോ എന്നത് പോളിംഗ് ഏജന്റുമാര്‍ക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പില്‍ പരാതിയുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും കോടതിയെ സമീപിക്കാവുന്നതാണ്. അതിന് 45 ദിവസത്തെ സമയം ഉണ്ട്. 45 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാതെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യം എന്തെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കഴിഞ്ഞ 20 വര്‍ഷമായി എല്ലാ വര്‍ഷവും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുന്നുണ്ട്. തോക്കൂചൂണ്ടി ഭയപ്പെടുത്താനാണ് ശ്രമം. ഭരണഘടനാ ചുമതല നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ല', ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

വോട്ടരുടെ പേരോ വിലാസമോ ഫോട്ടോയെ തെറ്റെങ്കില്‍ പരിഹരിക്കാവുന്നതാണെന്നും എന്യുമറേഷന്‍ ഫോം അതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐആര്‍ തയ്യാറാക്കുന്നത് എല്ലാവരുടെയും വീടുകളില്‍ നേരിട്ട് പോയാണെന്നും എന്യുമറേഷന്‍ ഫോം എല്ലാ വീടുകളിലും നേരിട്ടാണ് കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഏഴ് കോടി 25 ലക്ഷം ഫോമുകള്‍ തിരിച്ചെത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഇന്ത്യയില്‍ വോട്ട് ചെയ്യാനുള്ള അവകാശമുള്ളു. എംഎല്‍എമാരെയും എംപിമാരെയും തെരഞ്ഞെടുക്കേണ്ടത് ഇന്ത്യന്‍ പൗരന്മാരാണ്. അത് കര്‍ണാടകത്തിലായാലും കേരളത്തിലായാലും', അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ എസ്‌ഐആര്‍ ഉചിതമായ സമയത്ത് ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

'ഇലക്ട്രോണിക് വോട്ടര്‍ പട്ടിക നല്‍കുന്നത് വോട്ടര്‍മാരുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. വോട്ടര്‍മാരുടെ ഫോട്ടോ ദുരുപയോഗം ചെയ്യപ്പെടാം. മൂന്ന് ലക്ഷത്തോളം പേരുടെ എപിക് നമ്പര്‍ ഒരേ പോലെ വന്നത് കണ്ടെത്തി. അവരുടെ എപിക് നമ്പറുകള്‍ മാറ്റി. ഒരു എപിക് നമ്പരില്‍ കുറേ പേരുകള്‍ വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പിന് മുമ്പാണ് ശുദ്ധീകരിക്കേണ്ടത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ ഉത്തരവാദിത്തമാണ്', മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഏഴ് കോടി വോട്ടര്‍മാരിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് എത്താന്‍ സാധിക്കുമോ എന്നായിരുന്നു ബിഹാറിലെ ചോദ്യം. ബിഹാറില്‍ കാലാവസ്ഥ ശരിയല്ല എന്നാണ് ആദ്യം പറഞ്ഞത്. സ്വന്തം വോട്ടുകള്‍ പരിശോധിക്കാനുള്ള അവസരം വെബ്‌സൈറ്റില്‍ ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1ന് വോട്ടര്‍ പട്ടികയുള്ള കരട് എല്ലാ പാര്‍ട്ടികള്‍ക്കും നല്‍കിയതാണ്. അവര്‍ ഒപ്പിട്ട ശേഷമാണ് വോട്ടര്‍ പട്ടികക്ക് അന്തിമരൂപം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോടതിയെ സമീപിക്കാതെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്നത് അപകടകരം. ഭരണഘടനയെ അപമാനിക്കുന്നു. വോട്ടര്‍മാരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ വീഡിയോയില്‍ നല്‍കുന്നു. അവരുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത്. വോട്ടെടുപ്പില്‍ ഒരു കോടിയിലധികം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പോളിംഗ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇവരെയൊക്കെ മറികടന്ന് വോട്ട് ചോരി എങ്ങനെ നടക്കും', മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ മുന്നില്‍ പരാതി ഉന്നയിക്കൂവെന്നും തെളിവുകള്‍ ഹാജരാക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ ചിലപ്പോള്‍ പേരുകള്‍ തെറ്റായി വരാം. പത്തര ലക്ഷം ബൂത്ത് ഓഫീസര്‍മാര്‍ രാജ്യത്തുണ്ട്. ഇത്രയും പേര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില പിഴവുകള്‍ വരാം. ആ പിഴവുകള്‍ പരിഹരിക്കാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ബൂത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് പിഴവുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ജില്ലാ അധികാരികളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്നാണ് ഇത് പരിശോധിക്കുന്നത്. ബിഹാറില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. പരാതി നല്‍കാന്‍ ഇപ്പോഴും സമയം ഉണ്ട്. സെപ്റ്റംബര്‍ ഒന്നിന് ശേഷം ഇത്തരം ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും ഓരോ പേരുകള്‍ പരിശോധിച്ച് വിവരങ്ങള്‍ നല്‍കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ രണ്ടിടത്ത് പേരുണ്ടെങ്കിലും ഒരുതവണയേ വോട്ട് ചെയ്യാനാകൂ. വോട്ടിംഗ് മെഷീനില്‍ ഒരാള്‍ക്ക് ഒരു തവണയേ വോട്ടുചെയ്യാന്‍ സാധിക്കു. പിന്നെങ്ങനെ വോട്ട് ചോരി നടക്കും. ചിലരുടെ പേരില്‍ വീടുണ്ടാകില്ല. അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും. റോഡരുകില്‍ കിടക്കുന്നവരായിരിക്കും, പാലങ്ങള്‍ക്ക് അടിയില്‍ കിടക്കുന്നവരായിരിക്കും, അവര്‍ ഈ രാജ്യത്തെ പൗരന്മാരെങ്കില്‍ അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. അനധികൃത കോളനികളില്‍ താമസിക്കുന്നവരായാലും അവര്‍ക്ക് വോട്ട് ചെയ്യാന്‍ കമ്മീഷന്‍ അവസരം ഒരുക്കും. ആരോപണങ്ങള്‍ക്ക് മുകളില്‍ അന്വേഷണം നടത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെറുതെയിരിക്കില്ല. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. വോട്ടര്‍മാര്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Content Highlights: Election Commission Officer Press meet in context of Vote Chori

To advertise here,contact us