ഡൽഹിയിൽ അമ്മയോട് മകന്‍റെ ക്രൂരത; വിവാഹേതര ബന്ധമെന്ന സംശയത്തിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തു; 'ശിക്ഷ'യെന്ന് പ്രതി

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയോട് മകന്റെ കൊടും ക്രൂരത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോസ് ക്വാസി മേഖലയിലാണ് സംഭവം. 65കാരിയാണ് 39കാരനായ മകന്റെ ക്രൂരതയ്ക്ക് ഇരയായത്. രണ്ട് തവണ ഇയാള്‍ അമ്മയെ ലൈംഗികമായി ഉപദ്രവിച്ചു. പീഡനത്തിന് ശേഷം ഇത് 'നിങ്ങള്‍ക്കുള്ള ശിക്ഷയാണ്' എന്ന് ഇയാള്‍ പറയുകയും ചെയ്തു. വയോധികയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭര്‍ത്താവിനും മകനും മകള്‍ക്കൊപ്പവുമായിരുന്നു അതിജീവിത കഴിഞ്ഞിരുന്നത്. ഇവരുടെ മറ്റൊരു മകള്‍ ഭര്‍ത്താവിനൊപ്പം ഇതേ മേഖലയിലാണ് താമസം. കഴിഞ്ഞ മാസം പതിനേഴിന് അതിജീവിതയും ഭര്‍ത്താവും മകളും സൗദിയില്‍ തീര്‍ത്ഥയാത്ര പോയിരുന്നു. എട്ട് ദിവസത്തോളം അവര്‍ സൗദിയില്‍ തങ്ങി. ഇതിനിടെ മകന്‍ അച്ഛന് ഫോണ്‍ ചെയ്യുകയും ഉടന്‍ മടങ്ങി എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമ്മയുമായുള്ള ബന്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് അയാള്‍ പറഞ്ഞത്. താന്‍ കുട്ടിയായിരുന്ന സമയത്ത് അമ്മയ്ക്ക് മറ്റെരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അച്ഛന്‍ ജോലിക്ക് പോയിരുന്ന സമയത്താണ് ഇവര്‍ ബന്ധം സൂക്ഷിച്ചിരുന്നതെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷവും മകന്‍ ഫോണിലൂടെ ഇതേ ആരോപണം തുടര്‍ന്നു. ഇതോടെ കുടുംബം ഡല്‍ഹിയില്‍ തിരിച്ചെത്തി.

ഓഗസ്റ്റ് ഒന്നിന് വീട്ടിലെത്തിയ മകന്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് അതിജീവിത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തന്റെ ബുര്‍ഖ വലിച്ചൂരിയ ശേഷം മകന്‍ തന്നെ മുറിയിലിട്ട് മര്‍ദ്ദിച്ചതായി അതിജീവിത പറയുന്നു. ഈ സംഭവത്തിന് ശേഷം കുറച്ചുദിവസം മൂത്ത മകള്‍ക്കൊപ്പമാണ് താമസിച്ചത്. ഓഗസ്റ്റ് പതിനൊന്നിന് വീട്ടില്‍ തിരിച്ചെത്തി. ഇതേ ദിവസം വീട്ടിലെത്തിയ മകന്‍ തന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് മുറിയില്‍ കയറുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു. അമ്മയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞ് അപേക്ഷിച്ചു. എന്നാല്‍ മകന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇത് നിങ്ങള്‍ക്കുള്ള ശിക്ഷയാണെന്ന് പറഞ്ഞ് മകന്‍ മുറിവിട്ടതായും അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടി. മാനസികമായി തകര്‍ന്ന വയോധിക ആദ്യം പരാതിപ്പെടാന്‍ തയ്യാറായില്ല. ആ സംഭവത്തിന് ശേഷം ഇളയ മകള്‍ക്കൊപ്പമായിരുന്നു ഇവര്‍ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ പതിനാലിന് പുലര്‍ച്ചെ 3.30 ന് ഇയാള്‍ വീണ്ടും വീട്ടിലെത്തി. തുടര്‍ന്ന് അമ്മയെ പീഡിപ്പിച്ചു. ഇതിന് ശേഷം ഇയാള്‍ ഇവിടെ നിന്ന് കടന്നു കളഞ്ഞു. ഇതിന് ശേഷമാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 64 പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇതിന് ശേഷം നടത്തിയ തിരച്ചിലിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights- Delhi man rapes 65 years old mother twice as 'punishment'

To advertise here,contact us