ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഞായറാഴ്ച ചേരും. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം. ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിന് ശേഷം സ്ഥാനാർഥിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപിയിലെ നേതാവിനെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചേക്കുമെന്നാണ് സൂചന.
ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും. നാമനിർദേശപത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ഡൽഹിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇൻഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചയ്ക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായിട്ടായിരുന്നു ധൻകറിന്റെ രാജി. രാവിലെ രാജ്യസഭ നിയന്ത്രിച്ചും പുതിയ അംഗങ്ങള്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തും കർമനിരതനായിരുന്ന ധന്കര് അന്ന് വൈകീട്ട് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.
Content Highlights: NDA Parliamentary Board to meet on Sunday to decide on candidate for Vice Presidential election