ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില് ആര്എസ്എസിനെ പുകഴ്ത്തിയതിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ്. ആര്എസ്എസിന് സ്വാതന്ത്ര്യ സമരത്തില് ഒരു പങ്കുമില്ലെന്ന് കോണ്ഗ്രസ് എംപി മാണിക്യം ടാഗോർ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് നേരിട്ട് ഒരു പങ്കും വഹിച്ചിട്ടില്ലെന്നും നിസഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും തുടങ്ങി സ്വാതന്ത്ര്യത്തിനായി ഉണ്ടായ ജനകീയ പ്രതിഷേധങ്ങളിൽ നിന്നെല്ലാം ആർഎസ്എസ് വിട്ടുനിൽക്കുകയായിരുന്നെന്നും മാണിക്യം ടാഗോർ പറഞ്ഞു.
'ആർഎസ്എസ് സ്ഥാപകനായ കെ ബി ഹെഡ്ഗെവാർ 1925-ന് മുൻപ് കോൺഗ്രസിന്റെ പ്രതിഷേധങ്ങളിൽ പങ്കുചേർന്നിരുന്നു. എന്നാൽ ആർഎസ്എസ് രൂപീകരിച്ചതിനു ശേഷം ബ്രിട്ടീഷുകാരെ നേരിടുന്നതിനല്ല, സാംസ്കാരിക ദേശീയതയിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസിനെ പുകഴ്ത്തിയത് അവരെ പ്രീതിപ്പെടുത്തി തന്റെ വിരമിക്കൽ ഒഴിവാക്കാൻ വേണ്ടി മാത്രമാണ്. 2025 സെപ്റ്റംബർ 12-ന് വിരമിക്കുക എന്ന പദ്ധതി തടയുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം'-മാണിക്യം ടാഗോർ പറഞ്ഞു. ചെങ്കോട്ടയില് ദേശീയ പതാക ഉയര്ത്തിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ആര്എസ്എസിനെ പുകഴ്ത്തിയത്.
'നൂറുവര്ഷം മുന്പ് ഒരു സംഘടന പിറവിയെടുത്തു. അതിനെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നാണ് വിളിച്ചിരുന്നത്. അവര് എല്ലായ്പ്പോഴും രാഷ്ട്രനിര്മാണത്തില് പങ്കാളികളായിരുന്നു. ഭാരതമാതാവിന്റെ ക്ഷേമത്തിനായി വ്യക്തി വികസനത്തിലൂടെ രാഷ്ട്രനിര്മാണം എന്ന ദൃഢനിശ്ചയത്തോടെ സ്വയംസേവകര് നമ്മുടെ മാതൃരാജ്യത്തിന്റെ സേവനത്തിനായി അവരുടെ ജീവിതം സമര്പ്പിച്ചു. ആര്എസ്എസ് ലോകത്തിലെ ഏറ്റവും വലിയ എന്ജിഒ ആണ്. അവര്ക്ക് നൂറുവര്ഷത്തെ സേവന ചരിത്രമുണ്ട്. ആര്എസ്എസിന്റെ ചരിത്രത്തില് എനിക്ക് അഭിമാനമുണ്ട്. ആര്എസ്എസിന്റെ നൂറുവര്ഷത്തെ സമര്പ്പിതവും മഹത്വപൂര്ണവുമായ യാത്രയില് രാജ്യം അഭിമാനിക്കുന്നു. ആര്എസ്എസ് നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും'- എന്നാണ് നരേന്ദ്രമോദി പറഞ്ഞത്.
Content Highlights: 'RSS had no role in freedom struggle': Congress against Modi's Independence Day speech