ശ്രീനഗര്: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല് പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇരുന്നൂറിലേറെപ്പേരെ കാണാതായി എന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. എന്ഡിആര്എഫും എസ്ഡിആര്എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്ത്തനങ്ങള്ക്ക് വെല്ലുവിളി ഉയര്ത്തുന്നുണ്ട്. ജമ്മു കശ്മീര് മിന്നല് പ്രളയത്തില് ദുരന്തബാധിതര്ക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
കശ്മീരിലെ കിഷ്ത്വാര് ജില്ലയിലെ ചോസിതിയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കിഷ്ത്വാറിലെ മചൈല് മാതാ തീര്ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരിൽ ഏറെയും തീർത്ഥാടകരാണ് എന്നാണ് വിവരം. പ്രളയത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്പ്പെടുത്തിയതായി ഉദ്യോഗസ്ഥര് അറിയിച്ചിരുന്നു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്ക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടന് തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. 'രക്ഷാപ്രവര്ത്തന സംഘം ഉടന് തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മെഡിക്കല് വിദഗ്ധർ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങള് ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നല്കും.' കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സില് കുറിച്ചു.
Content Highlights: 50 deaths in kishtwar cloudburst and flash floods jammu kashmir