ഡെറാഡൂണ്: നിര്ബന്ധിത മതപരിവര്ത്തനത്തിന് ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ബില്ല് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ. മന്ത്രിസഭ അംഗീകാരം നല്കിയ മതസ്വാതന്ത്ര്യ ബില്ലിലാണ് നിര്ബന്ധിത മതപരിവര്ത്തനം നടത്തുന്നവര്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഏര്പ്പെടുത്തിയത്. പത്ത് ലക്ഷം രൂപയുടെ പിഴയും നിര്ബന്ധിത മതപരിവര്ത്തനത്തിന് ചുമത്തും. ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ത്രിദിന മണ്സൂണ് സമ്മേളനത്തില് ബില്ല് നിയമസഭയില് അവതരിപ്പിക്കും.
നിലവില് നിര്ബന്ധിത മതപരിവര്ത്തനത്തിന് 10 വര്ഷം തടവും 50,000 രൂപ പിഴയുമാണ് ഉത്തരാഖണ്ഡില് ചുമത്തുന്നത്. പുതിയ ബില്ല് പ്രകാരം തടവ് 14 വര്ഷമായും ചില കേസുകളില് 20 വര്ഷമായും ജീവപര്യന്തമായും ശിക്ഷ ഉയര്ത്തുകയാണ്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള അധികാരവും പുതിയ ബില്ല് തരുന്നുണ്ട്. അറസ്റ്റിലായ വ്യക്തി കുറ്റക്കാരനല്ലെന്ന് ബോധ്യമായാല് മാത്രമേ ജാമ്യം അനുവദിക്കാവൂവെന്നും ബില്ലില് പറയുന്നു.
ഉത്തരാഖണ്ഡ് ദൈവങ്ങളുടെ ഭൂമിയാണെന്നും കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നിര്ബന്ധിത മതപരിവര്ത്തനത്തിന്റെ പേരില് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പുഷ്കര് സിങ് ഥാമി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതിനാല് നിയമവിരുദ്ധമായ പ്രവര്ത്തനങ്ങള് തടയാന് കര്ശന നടപടികളുമായി സര്ക്കാര് രംഗത്തെത്തിയിരിക്കുകയാണെന്ന് ഥാമി പറഞ്ഞു.
പ്രായപൂര്ത്തിയാകാത്തവര്, സ്ത്രീകള്, മാനസിക വെല്ലുവിളി നേരിടുന്നവര്, എസ്സി/എസ്ടി തുടങ്ങിയ വിഭാഗത്തില്പ്പെട്ടവര് എന്നിവരെ നിര്ബന്ധിച്ച് മതം മാറ്റിയാല് അഞ്ച് മുതല് 14 വര്ഷം വരെ തടവുശിക്ഷ ലഭിക്കും. മതപരിവര്ത്തനം നടത്തുന്നതിന് വിദേശ ഫണ്ട് ലഭിക്കുന്നവര്ക്ക് ഏഴ് വര്ഷം മുതല് 14 വരെയും മതപരിവര്ത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവര്ക്ക് 20 വര്ഷം കഠിന തടവുമാണ് ശിക്ഷ. വിവാഹസമയത്ത് മതം മറച്ചുവെക്കുന്നവര്ക്ക് മൂന്ന് വര്ഷം മുതല് പത്ത് വര്ഷംവരെ തടവുശിക്ഷ ലഭിക്കുമെന്നാണ് ബില്ലില് വ്യക്തമാക്കുന്നത്.
Content Highlights: Uttarakhand cabinet approves forced covertion bill