സർക്കാർ ഭൂമിയിൽ നിന്ന് തേങ്ങ പറിക്കുന്നവരെ പൊക്കും; ഉത്തരവിറക്കി ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കളക്ടർ

വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കലക്‌ടറുടെ ഓഫീസ്

അഗത്തി: വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ്. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തെങ്ങുകളിൽ അനധികൃതമായി കയറുന്ന തെങ്ങ് കയറ്റക്കാർക്ക് മേൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അ​ഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് ഉത്തരവിറക്കിയിരിക്കുന്നത്.

'അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ സർക്കാർ ഭൂമികളിലുള്ള തെങ്ങുകളിൽ നിന്നും അനധികൃതമായി തേങ്ങ പറിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഭൂമികളിൽ കൈയേറ്റം നടത്തുന്നതും അതിലുള്ള വസ്തുവകകൾ കൈക്കലാക്കുന്നതും നിയമലംഘനവും ശിക്ഷാർഹവുമാണ്. ആയതിനാൽ സർക്കാർ ഭൂമികളിലുള്ള തെങ്ങുകളിൽ അനധികൃതമായി കയറുന്ന തെങ്ങ് കയറ്റക്കാരുടെ മേൽ നിയമ നടപടികൾ കൈകൊള്ളുന്നതാണ്' എന്നാണ് തെങ്ങ് കയറ്റക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാർ ഭൂമികളിൽ അനധികൃതമായി കൈയേറ്റങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അ​ഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ അറിയിക്കാനും ഉത്തരവിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. വിവരങ്ങൾ നൽക്കുന്ന ആളുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Those who pluck coconuts from government land will be evicted Agatti Deputy Collector issues order

To advertise here,contact us