ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു, പിന്നാലെ കൊലപ്പെടുത്തി കുടുംബം

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

ബനസ്‌കന്ധ: ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ യുവതിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് പൊലീസ്. 'എന്നെ രക്ഷിക്കൂ' എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകനെ അറിയിച്ചതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. പതിനെട്ടുകാരിയായ ചന്ദ്രിക ചധൗരി എന്ന പെണ്‍കുട്ടിയെ വീട്ടില്‍വച്ച് അമ്മാവനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ എന്ന് വരുത്തി തീര്‍ക്കാന്‍ കുടുംബം ശ്രമിച്ചിരുന്നു.

ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. കൂടാതെ ചന്ദ്രികയ്ക്ക് മറ്റൊരു വിവാഹാലോചന കൊണ്ടുവരികയും ചെയ്തു. വിവാഹാലോചന നടക്കുന്ന കാര്യം ചന്ദ്രിക ഹരീഷിനെ അറിയിച്ചിരുന്നു. പിന്നീട് സ്വന്തം ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കിയ ചന്ദ്രിക തന്നെ കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് ഹരീഷിന് സന്ദേശം അയച്ചു.

എന്നാല്‍ ഈ സന്ദേശമയച്ച് മണിക്കൂറുകൾക്കകം ചന്ദ്രിക കൊല്ലപ്പെട്ടു. തുടക്കത്തില്‍ ഇതിനെ ആത്മഹത്യയായി കരുതി എങ്കിലും ഹരീഷിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രികയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഹരീഷ് പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് അന്വേഷണം ചന്ദ്രികയുടെ അച്ഛന്റെയും അമ്മാവന്റെയും നേരെ വിരല്‍ ചൂണ്ടിയത്.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ്, ചന്ദ്രിക ഹരീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു, എന്നാൽ കുടുംബം പരാതി നൽകിയതോടെ പൊലീസ് ചന്ദ്രികയെ കണ്ടെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ചന്ദ്രികയ്ക്കുവേണ്ടി ഹരീഷ് കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു, എന്നാൽ വാദം കേൾക്കുന്ന തീയതിക്ക് മുമ്പേ ചന്ദ്രികയെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

ആത്മഹത്യയെന്ന് കുടുംബം അവകാശപ്പെട്ടു. എന്നാൽ ഹരീഷ് ചന്ദ്രികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ പോലും കുടുംബം ചന്ദ്രികയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും തിടുക്കത്തിൽ ദഹിപ്പിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. പാലൻപൂരിൽ പഠിക്കുന്ന സഹോദരനെപ്പോലും കുടുംബം ചന്ദ്രികയുടെ മരണമറിയിച്ചില്ല. മയക്കുമരുന്ന് നൽകി ഉറക്കിയ ശേഷം കഴുത്തുഞെരിച്ചാണ് ചന്ദ്രികയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Content Highlight; Gujarat Honor Killing: Family Accused in Chandrika’s Murder Over Love Affair

To advertise here,contact us