'മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ നിര്‍ദേശം ലഭിച്ചത് ധർമസ്ഥല ക്ഷേത്രത്തില്‍ നിന്ന്': മുൻ ശുചീകരണ തൊഴിലാളി

'പ്രദേശവാസികള്‍ പലപ്പോഴും ഞങ്ങള്‍ മൃതദേഹം മറവുചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആരും ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഉത്തരവുകള്‍ ലഭിക്കും, ഞങ്ങളത് ചെയ്യണം. അതായിരുന്നു ഞങ്ങളുടെ ജോലി'- മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു.

ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലുളള മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി മുന്‍ ശുചീകരണ തൊഴിലാളി. മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ക്ഷേത്രത്തില്‍ നിന്നുതന്നെയാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്നാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. താന്‍ ഒറ്റയ്ക്കല്ല ചെറിയൊരു സംഘമായാണ് വനമേഖലകളില്‍ മൃതദേഹങ്ങള്‍ മറവുചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'എനിക്കൊപ്പം ഈ ജോലി ചെയ്യാന്‍ നാലുപേര്‍ കൂടിയുണ്ടായിരുന്നു. അവിടെ ശ്മശാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ കാടുകളിലും നദീതീരങ്ങളിലും പഴയ റോഡുകള്‍ക്കരികിലുമാണ് കുഴിച്ചിട്ടത്. ബാഹുബലി കുന്നില്‍ ഒരു സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്തു. നേത്രാവദി നദീതീരത്ത് എഴുപതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. പ്രദേശവാസികള്‍ പലപ്പോഴും ഞങ്ങള്‍ മൃതദേഹം മറവുചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആരും ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഉത്തരവുകള്‍ ലഭിക്കും, ഞങ്ങളത് ചെയ്യണം. അതായിരുന്നു ഞങ്ങളുടെ ജോലി'- മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു.

മിക്ക മൃതദേഹങ്ങളിലും ക്രൂരമായ ആക്രമണത്തിന്റെ പാടുകള്‍ വ്യക്തമായി ഉണ്ടായിരുന്നെന്നും ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ അവരില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മണ്ണൊലിപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങളും കാടിന്റെ വളര്‍ച്ചയും മൂലം പല സ്ഥലങ്ങളിലും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റമുണ്ടായിട്ടുണ്ടെന്നും മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു. 'മുന്‍പ് ഇവിടെ പഴയൊരു റോഡുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോള്‍ മനസിലാക്കാന്‍ കഴിയാത്ത വിധം മാറി. പണ്ട് കാടുകള്‍ ഇത്ര ഘോരവനങ്ങളായിരുന്നില്ല.'- അദ്ദേഹം പറഞ്ഞു. നൂറിലധികം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന് അവകാശവാദം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് അത്ര മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തത് എന്ന ചോദ്യത്തിന്, ഞങ്ങളാണ് ആ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത്, ഞങ്ങള്‍ സത്യമാണ് പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ക്ക് തന്നെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ മരിച്ച ദിവസം എവിടെയാണെന്ന് ചോദിച്ച് തനിക്ക് കോള്‍ വന്നിരുന്നെന്നും അവധിക്ക് വീട്ടില്‍ പോയതാണെന്ന് പറഞ്ഞപ്പോള്‍ ശകാരിച്ചു. അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹമാണ് താന്‍ കണ്ടതെന്നും മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു.

'എന്നും അസ്തികൂടങ്ങളായിരുന്നു സ്വപ്‌നത്തില്‍. എനിക്ക് കുറ്റബോധം തോന്നി. അതിനാലാണ് തിരിച്ചുവന്നത്. തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിന്റെ ഭാരം എന്നെ വേട്ടയാടി. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുകയല്ല, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി അന്ത്യകര്‍മങ്ങള്‍ നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. മൃതദേഹങ്ങള്‍ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് എനിക്ക് കാണിക്കണം. എനിക്ക് ധൃതിയില്ല. ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടേ ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങൂ'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Dharmasthala whistle blower claims burial orders came from temples

To advertise here,contact us