'അദ്ദേഹം തമിഴ്‌നാടിനെതിരാണ്'; ഗവർണറിൽനിന്നും ബിരുദം സ്വീകരിക്കാതെ വിദ്യാർത്ഥിനി

ഗവര്‍ണര്‍ക്ക് തൊട്ടടുത്ത് നിന്ന വൈസ് ചാന്‍സിലറില്‍നിന്നാണ് വിദ്യാർത്ഥിനി പിഎച്ച്ഡി ബിരുദം സ്വീകരിച്ചത്

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിയിൽ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർത്ഥിനി. മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് ഗവർണറോടുള്ള എതിർപ്പ് പരസ്യമാക്കി വിദ്യാർത്ഥിനി രംഗത്ത് വന്നത്.

ഗവർണറിൽ നിന്നും ഓരോ വിദ്യാർഥികളും ബിരുദം സ്വീകരിക്കുന്നതിനിടെ ജീൻ ജോസഫ് എന്ന പിഎച്ച്ഡി വിദ്യാർത്ഥിനി അദ്ദേഹത്തെ ഗൗനിക്കാതെ വൈസ് ചാൻസിലറുടെ അടുത്തെത്തി ബിരുദം സ്വീകരിക്കുകയായിരുന്നു. ഗവർണറുടെ തൊട്ടടുത്തായിരുന്നു വി സി നിന്നിരുന്നത്. ഗവർണറിൽ നിന്നാണ് ബിരുദം സ്വീകരിക്കേണ്ടതെന്ന് ചിലർ പറഞ്ഞെങ്കിലും വേണ്ടെന്ന് തലയാട്ടിയ വിദ്യാർത്ഥിനി വി സി ചന്ദ്രശേഖറിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വേദിവിട്ടു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡിഎംകെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്. ഗവർണറും ഡിഎംകെ സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് പാർട്ടി നേതാവിന്റെ ഭാര്യയുടെ പ്രതിഷേധ നടപടി. ഗവർണർ തമിഴ്‌നാടിനായി ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്നതിനാൽ അദ്ദേഹത്തിൽനിന്നും ബിരുദം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് വൈസ് ചാൻസലറിൽനിന്നും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതെന്നും ജീൻ പറഞ്ഞു.

അവസരം കിട്ടുമ്പോഴെല്ലാം തമിഴ്‌നാട് സർക്കാരിനെതിരെ ഗവർണർ രൂക്ഷ വിമർശനം ഉന്നയിക്കാറുണ്ട്. ബില്ലുകളിൽ ഒപ്പുവെക്കാതെ തടഞ്ഞുവെക്കുന്നതിലും വിശദീകരണമില്ലാതെ തിരിച്ചയക്കുന്നതിലും ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Content Highlights:student refused to take PhD certificate from governor R N Ravi

To advertise here,contact us