സോണിയാ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് 1983ല്‍, പക്ഷെ വോട്ടര്‍ പട്ടികയില്‍ 1980 മുതല്‍; ബിജെപി

റായ്ബറേലിയിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു.

ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിക്കുന്നത് വ്യാജരേഖയാണെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. അതേ സമയം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവും അനുരാഗ് താക്കൂര്‍ ഉന്നയിച്ചു.

സോണിയാ ഗാന്ധിയുടെ പേര് 1980ലെ വോട്ടര്‍ പട്ടികയിലുണ്ട്. സഫ്ദര്‍ജംഗ് റോഡിലെ നൂറ്റി നാല്‍പത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയില്‍ വ്യക്തമാണ്. 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ സോണിയയുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

റായ്ബറേലിയിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ കാര്‍ഡുണ്ട്. 47 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലും കള്ളവോട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു. നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട് മണ്ഡലത്തിലും ക്രമക്കേട് അനുരാഗ് താക്കൂര്‍ ആരോപിച്ചു.

വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നു. തിരുവമ്പാടി മണ്ഡലത്തിലും കള്ളവോട്ടുണ്ട്. കല്‍പറ്റ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. സ്റ്റാലിന്റെയും അഖിലേഷ് യാദവിന്റെയും മണ്ഡലങ്ങളിലും കള്ളവോട്ടെന്ന് അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 410931 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വയനാട്ടില്‍ വിജയിച്ചത്.

Content Highlights: Sonia Gandhi's name added to voter roll before she was citizen: BJP's big charge

To advertise here,contact us