'ഇന്ത്യയിലെ സംസാര സ്വാതന്ത്ര്യം ഇസ്രയേലിൽ നിന്ന് നിയന്ത്രിക്കാൻ തുടങ്ങിയോ?'; പവന്‍ ഖേര

പ്രിയങ്ക ഗാന്ധിയെ വിമർശിച്ച ഇസ്രയേൽ അംബാസഡർ റൂവെൻ അസാറിനെതിരെ നേതാവ് പവൻ ഖേര രംഗത്ത്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ച ഇസ്രയേൽ അംബാസഡർ റൂവെൻ അസാറിനെതിരെ നേതാവ് പവൻ ഖേര രംഗത്ത്. ഇന്ത്യൻ പാർലമെന്റിലെ അംഗത്തെ ഒരു വിദേശ പ്രതിനിധി ലക്ഷ്യം വെക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അസഹനീയ വിഷയമാണെന്ന് പവൻ ഖേര പറഞ്ഞു. ഇന്ത്യയിലെ സംസാര സ്വാതന്ത്ര്യം ഇപ്പോൾ ഇസ്രയേലിൽ നിന്ന് നിയന്ത്രിക്കാൻ തുടങ്ങിയോ എന്നും പവൻ ഖേര എക്‌സിൽ കുറിച്ചു.

'വംശഹത്യനടത്തുന്നവരെന്ന് ലോകം തന്നെ കുറ്റപ്പെടുത്തുന്ന ഒരു രാജ്യത്തിന്റെ അംബാസഡർ ഇന്ത്യൻ പാർലമെന്റിലെ അംഗത്തെ ലക്ഷ്യം വെക്കുന്നത് അസഹനീയമാണ്. അത് ഇന്ത്യൻ ജനാധിപത്യത്തെ നേരിട്ട് അപമാനിക്കുന്നതാണ്. പ്രിയങ്ക ഗാന്ധിയെ പരസ്യമായി ഭയപ്പെടുത്താനുള്ള ഇസ്രയേൽ അംബാസഡറുടെ നീക്കത്തെ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ അഭിസംബോധന ചെയ്യുമോ? അല്ലെങ്കിൽ ഇന്ത്യയിലെ സംസാര സ്വാതന്ത്ര്യം ഇപ്പോൾ ഇസ്രയേലിൽ നിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയോ?' എന്നും പവൻ ഖേര കുറിച്ചു.

'എത്രതന്നെ വെള്ളപൂശിയാലും സത്യം മറച്ചുവെക്കാനാകില്ല. ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതും സഹായത്തിനായി കാത്തുനിൽക്കുന്നവരെ പോലും ഇല്ലാതാക്കുന്നതും അന്താരാഷ്ട്ര സമൂഹം തത്സമയം കാണുന്നുണ്ട്. ഗാസയിൽനിന്നും പുറത്തുവരുന്ന ഹൃദയഭേദകമായ ചിത്രങ്ങൾ ലോകം കാണുന്നുണ്ട്. അതൊന്നും മറക്കുകയോ ക്ഷമിക്കുകയോ ഇല്ലെന്നും' ഇസ്രയേൽ അംബാസഡർ റൂവെൻ അസാറിനെ ടാഗ് ചെയ്ത് പവൻ ഖേര കുറിച്ചു.

ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച പ്രിയങ്ക ഗാന്ധിയെ റൂവെൻ അസാർ കടുത്ത ഭാഷയിലാണ് കഴിഞ്ഞ ദിവസം വിമർശിച്ചത്. എന്ത് ലജ്ജാകരമാണ് നിങ്ങളുടെ വഞ്ചന. ഇസ്രായേൽ 25000 ഹമാസ് ഭീകരരെ വധിച്ചു. സാധാരണക്കാർക്ക് പിന്നിൽ ഒളിക്കുക. ഒഴിഞ്ഞുപോകാനോ സഹായം സ്വീകരിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവെക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളാണ് ഈ ഭയാനകമായ ആൾനാശത്തിന് കാരണം. ഇസ്രയേൽ 20 ലക്ഷം ടൺ ഭക്ഷണം ഗാസയിലേക്ക് എത്തിക്കാൻ സൗകര്യമൊരുക്കിയപ്പോൾ ഹമാസ് അത് പിടിച്ചെടുക്കുകയും അവരെ അടിച്ചമർത്തുകയും പട്ടിണി സൃഷ്ടിക്കുകയുമാണുണ്ടായത്. കഴിഞ്ഞ 50 വർഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450 ശതമാനം വർധിച്ചു. അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്ക് വിശ്വസിക്കരുത് എന്നാണ് റൂവെൻ അസാർ കുറിച്ചത്.

ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്നായിരുന്നു പ്രിയങ്ക എക്സിൽ കുറിച്ചത്. ഇതിന് മറുപടിയായിട്ടായിരുന്നു ഇസ്രയേൽ അംബാസഡറുടെ പ്രതികരണം. 60000ത്തിലധികം പേർ കൊല്ലപ്പെട്ടു അതിൽ 18,430 പേർ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്.പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രായേൽ ഈ വിനാശം അഴിച്ചുവിടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു. ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അവരുടെ കൊലപാതകം നിഷ്ഠൂരമാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

Content Highlights: Congress leader Pawan Khera attacks on Israeli Ambassador to India Reuven Azar on criticism of Congress MP Priyanka Gandhi

To advertise here,contact us