അഹമ്മദാബാദ്: ഗുജറാത്തില് ദുരഭിമാന കൊലയെന്ന് റിപ്പോര്ട്ട്. ഗുജറാത്തിലെ ബനസ്കന്തയിലാണ് 18കാരിയായ ചന്ദ്രിക ചൗധരിയെ ആണ്സുഹൃത്തിന്റെ കൂടെ ജീവിക്കാന് തീരുമാനിച്ചതിന് പിന്നാലെ അച്ഛനും അമ്മാവനും ചേര്ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില് ആണ്സുഹൃത്ത് ഹരേഷ് ചൗധരിയുടെ പരാതിയില് പൊലീസ് കേസെടുത്തിട്ടുണ്ട്.
പെണ്കുട്ടി 478 മാര്ക്ക് നീറ്റ് പരീക്ഷയില് നേടി സര്ക്കാര് മെഡിക്കല് കോളേജില് പ്രവേശനം നേടാന് കാത്തിരിക്കുമ്പോഴാണ് അതിദാരുണ സംഭവം. പഠനം തുടരാനും ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനിച്ചത് കുടുംബത്തിന് അംഗീകരിക്കാനാകാത്തതായിരുന്നു. പിതാവ് സെന്ധ ചന്ദ്രികയ്ക്ക് പാലില് മയക്കുമരുന്ന് കലക്കി നല്കുകയായിരുന്നു. പിന്നാലെ ഷാള് ഉപയോഗിച്ച് സെന്ധനും അമ്മാവന് ശിവറാമും ചേര്ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജൂണ് 25നായിരുന്നു സംഭവം. ഇരുവരും ചേര്ന്ന് പോസ്റ്റ്മോര്ട്ടം നടത്താതെ പെട്ടെന്ന് തന്നെ ചന്ദ്രികയുടെ സംസ്കാരവും നടത്തി. ചന്ദ്രികയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. നിലവില് ശിവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവ് ഒളിവിലാണ്. ഹരേഷ് സമര്പ്പിച്ച ഹേബിയസ് കോര്പ്പസ് ഹര്ജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെയാണ് ചന്ദ്രികയുടെ കൊല നടക്കുന്നത്.
'ശിവറാം ചില കോളേജുകളിലേക്ക് പോകുകയും ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് കാണുകയും ചെയ്തിരുന്നു. അതുകൊണ്ട് അവളെ കോളേജിലേക്ക് അയക്കണ്ടെന്നും ആണ്കുട്ടികളുമായി പ്രണയത്തിലാകാനും വിവാഹം കഴിക്കാനും സാധ്യതയുണ്ടെന്നും അമ്മാവന് പിതാവിനോട് പറഞ്ഞിരുന്നു. പിന്നാലെ അവര് ചന്ദ്രികയുടെ ഫോണ് മാറ്റിവെക്കുകയും സോഷ്യല് മീഡിയയില് നിന്ന് നീക്കം ചെയ്യുകയും വീട്ട് ജോലികള് മാത്രം ചെയ്യിക്കുകയും ചെയ്തു', ഹരേഷ് ചൗധരി പറഞ്ഞു.
ഈ വര്ഷം ഫെബ്രുവരിയിലാണ് ചന്ദ്രിക ആദ്യമായി ഹരേഷിനെ കാണുന്നത്. ചന്ദ്രിക കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ലിവ് ഇന് എഗ്രിമെന്റില് ഇരുവരും ഒപ്പിട്ടുണ്ടെന്ന് ഹരേഷ് പറഞ്ഞു.' മെഡിസിന് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. ഞങ്ങള് ആരെയും ദ്രോഹിച്ചിട്ടില്ല. സമാധാനത്തോടെ ജീവിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം', ഹരേഷ് പറഞ്ഞു. അതേസമയം 'പാല് കുടിച്ച് നന്നായി വിശ്രമിക്കൂ, നന്നായി ഉറങ്ങു' എന്നാണ് അവസാനമായി അച്ഛന് ചന്ദ്രികയോട് പറഞ്ഞതെന്ന് എഫ്ഐആറില് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Father and Uncle killed 18 year old in Gujarat Honour Killing Suspected