ന്യൂഡല്ഹി: പാകിസ്താനില് നിന്നും വരുന്ന ഡ്രോണുകള് കണ്ടെത്താന് നായ്ക്കള്ക്ക് പരിശീലനം നല്കാനൊരുങ്ങി ബിഎസ്എഫ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്ത്തിയില് നിന്ന് മയക്കുമരുന്നുകളും ആയുധങ്ങളും വഹിച്ചുകൊണ്ട് വരുന്ന ഡ്രോണുകള് കണ്ടെത്താനാണ് അതിര്ത്തി സുരക്ഷാ സേന നായ്ക്കള്ക്ക് പരിശീലനം നല്കുക.
ഗ്വാളിയോറിലെ ടെകാന്പൂരിലുളള നാഷണല് ട്രെയിനിംഗ് സെന്റര് ഫോര് ഡോഗ്സില് നിന്നുളള നാല് നായ്ക്കൾക്ക് ബിഎസ്എഫ് ഇതിനകം പരിശീലനം നല്കിയിട്ടുണ്ടെന്ന് ബിഎസ്എഫുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. ഈ നായ്ക്കളെ ഇതിനകം പഞ്ചാബ് അതിര്ത്തിയില് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്. ലാബ്രഡോര് റിട്രീവര് ഇനത്തില് പെട്ട നായ്ക്കളാണ് മിക്കതും. 14 നായ്ക്കളെക്കൂടി നിലവില് പരിശീലിപ്പിക്കുന്നുണ്ട്.
'മനുഷ്യരുടെ ചെവിക്ക് കേള്ക്കാന് കഴിയാത്ത ഡ്രോണുകളുടെ മുഴക്കം പോലുളള ശബ്ദം നായ്ക്കള്ക്ക് കേള്ക്കാന് കഴിയും. അതിനാല് അത്തരം ഡ്രോണുകളുടെ ശബ്ദം കേട്ടാല് പരിശീലനം ലഭിച്ച നായ്ക്കള് സൈനികര്ക്ക് മുന്നറിയിപ്പ് സന്ദേശം നല്കും. അപ്പോള് അവര്ക്ക് ഡ്രോണുകള് വെടിവെച്ചിടാന് കഴിയും. അതിരാവിലെയും രാത്രിയും വൈകുന്നേരവുമെല്ലാം നായ്ക്കള്ക്ക് ശബ്ദം എളുപ്പത്തില് കേള്ക്കാനാകും. പാകിസ്താന് ആസ്ഥാനമായുളള കളളക്കടത്തുകാരും തീവ്രവാദികളും ഡ്രോണുകള് വഴി മയക്കുമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നത് വര്ധിച്ചുവരുന്ന സാഹചര്യത്തില് നായ്ക്കളെ പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്'- മുതിര്ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
2025 ജനുവരി മുതല് ഇന്നുവരെ 175 ഡ്രോണുകള് ബിഎസ്എഫ് വെടിവെച്ചിട്ടിട്ടുണ്ടെന്നും കഴിഞ്ഞ വര്ഷം ആകെ 294 ഡ്രോണുകള് സേന നിര്വീര്യമാക്കിയെന്നും സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. 2023-ല് 107 ഡ്രോണുകളാണ് പിടിച്ചെടുത്തത്. ലാഹോറിനടുത്തുളള ലോഞ്ച് പാഡുകളില് നിന്നാണ് ഈ ഡ്രോണുകള് അയക്കുന്നതെന്നും ഇന്ത്യന് അതിര്ത്തിയില് നിന്ന് 20 കിലോമീറ്റര് ഉളളില് വരെ ചരക്കുകള് വീഴ്ത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് അറിയിച്ചു.
Content Highlights: BSF to train dogs to detect drones coming from Pakistan