'രാജിവെച്ചുപോയ ജഗ്ദീപ് ധന്‍കര്‍ എവിടെ?'; കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കപില്‍ സിബല്‍

'ലാപതാ ലേഡീസ്' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേള്‍ക്കുന്നത് ആദ്യമാണെന്നും കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെയാണെന്ന ചോദ്യം ഉയര്‍ത്തി കപില്‍ സിബല്‍. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഇക്കാര്യം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. 'ലാപതാ ലേഡീസ്' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേള്‍ക്കുന്നത് ആദ്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ജൂലൈ 22നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് ജഗ്ദീപ് ധന്‍കര്‍ രാജിവെയ്ക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അതിന് ശേഷം ധന്‍കറിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതോടെയാണ് ധന്‍കര്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തി കപില്‍ സിബല്‍ രംഗത്തെത്തിയിരിക്കുന്നത്. ധന്‍കര്‍ രാജിവെച്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്നു ഫോണ്‍ എടുത്തത്. ധന്‍കര്‍ വിശ്രമത്തിലാണെന്നാണ് പഴ്‌സണല്‍ സെക്രട്ടറി പറഞ്ഞതെന്നും കപില്‍ സിബല്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ധന്‍കര്‍ രാജിവെച്ചെന്നാണ് പറയപ്പെടുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടോയെന്നും കപില്‍ സിബല്‍ ചോദിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഇതുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കുന്നില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് തോന്നി. തന്റെ സഹപ്രവര്‍ത്തകരും ധന്‍കറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. മറ്റ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുന്നതായി കേട്ടിട്ടുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊതു ഇടങ്ങളില്‍ അറിയണം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. വിഷയം വരും ദിവസങ്ങളിലും ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.

Content Highlights- Congress raise question as where is jagdeep dhankar after his resignation

To advertise here,contact us