ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ സൈനികർക്കായി തിരച്ചിൽ ഊർജിതം; റിപ്പോർട്ടർ സംഘം ധരാലിയിൽ

വലിയ കല്ലുകളും മണ്ണും കൊണ്ട് മൂടിയ പ്രദേശത്ത് തിരച്ചിൽ അതീവദുഷ്കരവുമാണ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു. ഹർസിൽ ക്യാമ്പ് ഭാഗത്താണ് തിരച്ചിൽ തുടരുന്നത്. മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടോ എന്നറിയാനായി സംശയമുള്ള ഇടങ്ങളിലെല്ലാം റഡാർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന.

ആർമി ക്യാമ്പ് പ്രദേശമാകെ മിന്നൽ പ്രളയത്തിൽ നാമാവശേഷമായിരിക്കുകയാണ്. വലിയ കല്ലുകളും മണ്ണും കൊണ്ട് മൂടിയ പ്രദേശത്ത് തിരച്ചിൽ അതീവദുഷ്കരവുമാണ്. സൈനികർ താമസിച്ച കെട്ടിടങ്ങൾ അടക്കം മിന്നൽ പ്രളയത്തിൽ പൂർണ്ണമായും തകർന്നു. തിരച്ചിലിന് ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്. സംശയമുള്ള സ്ഥലങ്ങളിലെ മണ്ണ് കുഴിച്ചുമാറ്റിയാണ് പരിശോധന നടക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. കാണാതായവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നൂറ് പേരെയെങ്കിലും കുറഞ്ഞത് കാണാതായിട്ടുണ്ട് എന്നാണ് സൈന്യം പറയുന്നത്. പ്രദേശത്തുനിന്ന് ഇനിയും 250 പേരെ രക്ഷപ്പെടുത്താനുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: rescue efforts to find soldiers at full swing at dharali

To advertise here,contact us