സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല ; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

കൊലപാതകത്തിൽ പങ്കാളിയായ പന്ത്രണ്ടുകാരൻ്റെ സുഹൃത്ത് അസ്ഹറുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ടുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിരമിച്ച സൈനികനായ രാംപതി പാണ്ഡ(65) യാണ് കൊല്ലപ്പെട്ടത്.

മുത്തച്ഛനൊപ്പമായിരുന്നു പന്ത്രണ്ടുകാരൻ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരൻ മുത്തച്ഛനുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവ ദിവസം പുതിയ മൊബൈൽ ഫോൺ വാങ്ങാനായി മുത്തച്ഛനോട് പന്ത്രണ്ടുകാരൻ പണം ആവശ്യപ്പെട്ടു. എന്നാൽ രാംപതി പാണ്ഡ പണം നൽകാൻ തയ്യാറായില്ലയെന്നും തുട‌ർന്ന് ചെറുമകൻ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

പന്ത്രണ്ടുകാരൻ്റെ സുഹൃത്തും ആക്രമണത്തിൽ പങ്കാളിയായി. 22കാരനായ ഇയാൾ 65കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വീട്ടിൽ മടങ്ങിയെത്തിയ കൊച്ചുമകൻ മുത്തച്ഛൻ രക്തം വാർന്നുകിടക്കുന്നത് കണ്ടുവെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടത്തിയത് പന്ത്രണ്ടുകാരനാണെന്ന് കണ്ടെത്തി. മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പങ്കാളിയായ പന്ത്രണ്ടുകാരൻ്റെ സുഹൃത്ത് അസ്ഹറുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlight : Grandfather did not pay to buy smart phone: Grandson arrested for murdering grandfather

To advertise here,contact us