മൂന്ന് പതിറ്റാണ്ട്; മോദിക്ക് സ്ഥിരമായി രാഖി കെട്ടുന്ന പാക് വംശജ

നാലാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും കമർ പറയുന്നു

ന്യൂഡൽഹി: കമർ മൊഹ്‌സിൻ ഷെയ്ഖ്, രക്ഷാബന്ധൻ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽ കഴിഞ്ഞ മുപ്പത് വർഷമായി രാഖി കെട്ടുന്ന പാക് വംശജ. സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ രണ്ട് രാഖികളുമായി പിഎംഒയുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ് കമർ. പാകിസ്ഥാനിലെ കറാച്ചിയിലാണ് കമർ ജനിച്ചത്. 1981ൽ വിവാഹത്തിന് പിന്നാലെ ഇന്ത്യയിലെത്തി. ഇത്തവണ ഓം, ഗണപതി ഡിസൈനുകളുള്ള രാഖിയാണ് പ്രധാനമന്ത്രിയുടെ കൈയിൽ കെട്ടനായി കമർ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അണിയാൻ ഒരിക്കൽ പോലും മാർക്കറ്റിൽ നിന്നും രാഖി വാങ്ങിയിട്ടില്ലെന്നും എപ്പോഴും സ്വന്തമായി തന്നെ തയ്യാറാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും കമർ പറയുന്നു.

ചിത്രകാരനായ ഭർത്താവിനൊപ്പം ഡൽഹിയിലേക്കുള്ള യാത്രക്കിടയിലാണ് മോദിയെ ആദ്യമായി കമർ പരിചയപ്പെടുന്നത്. അന്ന് മോദി ആർഎസ്എസ് വോളന്റിയർ ആയിരുന്നു. അന്ന് തുടങ്ങിയതാണ് ഇരുവരുടെയും സഹോദര ബന്ധം. അന്ന് മുതലാണ് മോദിയുടെ കൈയിൽ കമർ രാഖി കെട്ടികൊടുക്കാൻ ആരംഭിച്ചതും. മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാൻ മുമ്പൊരിക്കൽ രക്ഷാബന്ധൻ ദിനത്തിൽ താൻ പ്രാർഥിച്ചിരുന്നുവെന്നും അത് യാഥാർഥ്യമായപ്പോൾ ഇനിയെന്ത് അനുഗ്രഹമാണ് അടുത്തതായി താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നെന്നും അവർ ഓർക്കുന്നു. അന്ന് ഇനി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവണമെന്നാണ് ഉത്തരം പറഞ്ഞതെന്ന് കമർ വിശശദീകരിക്കുന്നു. ആ പ്രാർഥനയും ഇന്ന് സത്യമായിരിക്കുന്നു. നിലവിൽ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തി.

കഴിഞ്ഞ വർഷം രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്താൻ കമറിന് കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തവണ പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ. എല്ലാ തവണത്തെ പോലെയും ഭർത്താവിനൊപ്പമായിരിക്കും ഡൽഹി യാത്രയെന്നും അവർ പറയുന്നു. വിവാഹത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദിലാണ് കമർ താമസിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യം നൽകണമെന്നും അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നതുമാണ് കമറിന്റെ പ്രാർഥന. നാലാം തവണയും അദ്ദേഹം തന്നെ അധികാരത്തിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും കമർ പറയുന്നു.Content Highlights: Prime Minister Modi's 'Pak Sister' waiting to tie him rakhi this Rakshabhandan

To advertise here,contact us