ഭര്‍ത്താവിന്റെ ക്രൂരപീഡനം; ആന്ധ്രാപ്രദേശില്‍ യുവതി ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പീഡനത്തിന്റെ പേരില്‍ ശ്രീവിദ്യ ജീവിതം അവസാനിപ്പിക്കുന്നത്

ഹൈദരാബാദ്: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ 24കാരി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശ്രീവിദ്യ എന്ന യുവതി സഹോദരന് കത്തെഴുതി വച്ച് ജീവനൊടുക്കിയത്. കോളേജ് അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു ശ്രീവിദ്യ. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു ശ്രീവിദ്യ ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പീഡനത്തിന്റെ പേരില്‍ ശ്രീവിദ്യ ആത്മഹത്യ ചെയ്യുന്നത്.

'പ്രിയപ്പെട്ട സഹോദരാ, ഇത്തവണ നിന്റെ കൈകളില്‍ രാഖി കെട്ടിത്തരാന്‍ എനിക്ക് കഴിയില്ല. സൂക്ഷിക്കുക' മരണത്തിന് മുന്‍പ് സഹോദരന് എഴുതിയ കുറിപ്പില്‍ ശ്രീവിദ്യ വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തിന്റെ വ്യക്തമായ ചിത്രം വരച്ച് കാണിക്കുന്നതായിരുന്നു യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവ് തന്നെ മര്‍ദിക്കുമെന്നും, അസഭ്യം പറയുമെന്നും ശ്രീവിദ്യ തന്റെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൂടാതെ, ക്രൂരമായ ശാരീരിക ഉപദ്രവത്തെക്കുറിച്ചും മാനസിക പീഡനത്തെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഭര്‍ത്താവില്‍ നിന്ന് തുടര്‍ച്ചയായി നേരിടേണ്ടി വന്ന ശാരീരിക- മാനസിക പീഡനങ്ങളാണ് ശ്രീവിദ്യയെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Woman Ends Life 6 Months After Wedding in Andhra

To advertise here,contact us