'ഇന്ത്യക്കാർ ആരൊക്കെയെന്ന് ജഡ്ജിമാർ തീരുമാനിക്കേണ്ടതില്ല'; സുപ്രീം കോടതി പരാമർശത്തിൽ പ്രിയങ്ക ഗാന്ധി

സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ യാതൊന്നും രാഹുല്‍ ചെയ്തിട്ടില്ല- പ്രിയങ്ക ഗാന്ധി

ഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശത്തില്‍ ശക്തമായി തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കടമ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുലും അതാണ് ചെയ്തത് എന്നും സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ യാതൊന്നും രാഹുല്‍ ചെയ്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ചൈന ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറി എന്ന രാഹുലിന്റെ ആരോപണത്തിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. 2022 ഡിസംബര്‍ മാസത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചില ആരോപണങ്ങളായിരുന്നു മാനനഷ്ടക്കേസിലേക്ക് നയിച്ചത്. ഇന്ത്യയുടേതായ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കയ്യടക്കിയെന്നും, ഇന്ത്യന്‍ സൈനികരെ ഉപദ്രവിച്ചു, 20 ഇന്ത്യന്‍ സൈനികരെ വധിച്ചു എന്ന് തുടങ്ങി പ്രധാനമന്ത്രിചൈനയ്ക്ക് മുന്നില്‍ കീഴടങ്ങി എന്നിവയായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ ലഖ്‌നൗ കോടതിയില്‍ നല്‍കിയ കേസിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി രാഹുലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ആരോപണത്തില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി? ആ സമയങ്ങളില്‍ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും രാഹുലിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

Content Highlight; Priyanka Backs Rahul Amid Supreme Court Criticism

To advertise here,contact us