മതപരിവര്‍ത്തന നിയമം കൂടുതല്‍ കടുപ്പിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍; ശീതകാല സമ്മേളനത്തില്‍ ഭേദഗതി വന്നേക്കും

മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കും

റായ്പൂര്‍: മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍ കടുപ്പിക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍. ശീതകാലസമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നീക്കം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയ ഭേദഗതിയില്‍ വന്നേക്കും. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭേദഗതി പ്രാബല്യത്തില്‍ വരുന്ന പക്ഷം മതപരിവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാനത്തെ ക്രൈസ്തവ മിഷണറികള്‍ക്കെതിരെ പൊലീസ് നടപടികള്‍ കൂടുതല്‍ ശക്തമാകും. വെറും വാക്കുകളുടെ പേരില്‍ പോലും പലരും സംശയത്തിന്റെ നിഴലിലാകും. മതപരിവര്‍ത്തന നിയമ ഭേദഗതിക്കുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മലയാളികളായ കന്യാസ്ത്രീകള്‍ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും പൊലീസ് അറസ്റ്റ് ചെയ്ത്. ഇവര്‍ക്കൊപ്പം ഛത്തീസ്ഗഡ് നാരായണ്‍പുര്‍ സ്വദേശിയായ ആദിവാസി 19കാരന്‍ സുഖ്മായിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു നടപടി. ആദ്യം റെയില്‍വേ പൊലീസ് എടുത്ത കേസ് നിലവില്‍ എന്‍ഐഎയില്‍ എത്തിനില്‍ക്കുകയാണ്.

കന്യാസ്ത്രീകള്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്നായിരുന്നു തുടക്കം മുതല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വാദിച്ചത്. ഇതിന് തെളിവുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ മജിസ്‌ട്രേറ്റ്, സെഷന്‍സ്, എന്‍ഐഎ കോടതികളില്‍ സര്‍ക്കാര്‍ നിലപാട് തുടര്‍ന്നു. എന്നാല്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് എന്‍ഐഎയാണ് നിലവില്‍ അന്വേഷിക്കുന്നത്. കന്യാസ്ത്രീകള്‍ക്കെതിരെ കേസ് റദ്ദാക്കണമെന്ന ആവശ്യം ശക്താണ്.

Content Highlights- Chattisgarh govt may takes strict action against forced conversion after malayali nuns arrets

To advertise here,contact us