യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇങ്ങനെ പറയില്ല; രാഹുല്‍ ഗാന്ധിയെ വിമർശിച്ച് സുപ്രീംകോടതി

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ചൈന കൈയ്യേറിയെന്ന വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് സുപ്രീംകോടതി. ഇന്ത്യക്കാരനെങ്കില്‍ ഇങ്ങനെ പറയില്ലെന്ന് സുപ്രീംകോടതി വിമർശിച്ചു. 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയ്യേറിയെന്ന വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചുവെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം.

അതേ സമയം, വിവാദ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. 2020ലെ ഗല്‍വാന്‍ വാലി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമര്‍ശം. സോഷ്യൽ മീഡിയയിലൂടെയല്ല, പാർലമെന്റിൽ ഉത്തരവാദിത്തത്തോടെ പ്രസ്താവനകൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിങ്ങൾ പ്രതിപക്ഷ നേതാവാണ്. നിങ്ങൾ പാർലമെന്റിൽ കാര്യങ്ങൾ പറയൂ. എന്തുകൊണ്ടാണ് നിങ്ങൾ അത് സോഷ്യൽ മീഡിയയിൽ പറയുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു വിവാദ പരാമർശം. 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈയ്യേറിയെന്നായിരുന്നു പരാമർശം. ഇത് കേന്ദ്രസർക്കാരിന്‍റെ കീഴടങ്ങലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന പരാമർശമാണ് രാഹുൽ ​ഗാന്ധിയുടേതെന്ന് പരാതിയിൽ പറയുന്നു. 2022 ഡിസംബറിലെ ഇന്ത്യ-ചൈന സംഘർഷത്തെ ഉദ്ധരിച്ച് കൊണ്ടായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. സംഭവത്തെ പ്രതിപക്ഷ നേതാവ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

Content Highlights: Supreme Court criticizes Rahul Gandhi

To advertise here,contact us