റായ്പൂര്: കന്യാസ്ത്രീകളുടെ അറസ്റ്റില് ബിജെപിയെ രൂക്ഷമായി വിമര്ശിച്ചും കേരളത്തില് നിന്നുള്ള മാധ്യമങ്ങളെ പുകഴ്ത്തിയും ഛത്തീസ്ഗഡ് കോണ്ഗ്രസ് അധ്യക്ഷന് ദീപക് ബൈജ്. ബിജെപിക്ക് രണ്ട് അജണ്ടയാണുള്ളതെന്നും കേരളത്തില് സമാധാനത്തിന്റെ സന്ദേശമാണെങ്കില് ഛത്തീസ്ഗഡില് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും ദീപക് ബൈജ് പറഞ്ഞു. കന്യാസ്ത്രീകളുടെ വിഷയത്തില് ഛത്തീസ്ഗഡ് കോണ്ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്. ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി കന്യാസ്ത്രീകള്ക്കെതിരെ പ്രതികാരബോധത്തോടെ എടുത്ത നടപടിയെ കോണ്ഗ്രസ് ശക്തമായി എതിര്ക്കുന്നുവെന്ന് ദീപക് ബൈജ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
മാതാപിതാക്കളുടെ അറിവോടെ പെണ്കുട്ടികള് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകള്ക്കൊപ്പം പോയത്. എന്നാല് സര്ക്കാര് അതിനെ തെറ്റായി വ്യാഖ്യാനിച്ചു. ബജറംഗ്ദളിന്റെ സമ്മര്ദ്ദത്തിന് വഴങ്ങിയാണ് കേസ് എടുത്തത്. പൊലീസ് നടപടി വലിയ നീതി നിഷേധമാണ്. ബിജെപിയുടെ പരാജയങ്ങള് മറയ്ക്കുന്നതിനായാണ് അവര് ഇവിടെ മതപരവും വര്ഗീയവുമായ രാഷ്ട്രീയം കളിക്കുന്നത്. മതപരിവര്ത്തനത്തിന്റെ പേരില് വര്ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം തീവ്രമാകുകയാണ്. ഇതൊന്നും ബിജെപിക്ക് പുതുമയല്ലെന്നും ദീപക് ബൈജ് വ്യക്തമാക്കി.
കന്യാസ്ത്രീകള്ക്കൊപ്പമുണ്ടായിരുന്ന പെണ്കുട്ടികളുടെ വെളിപ്പെടുത്തല് പുറത്തുകൊണ്ടുവന്ന റിപ്പോര്ട്ടര് ടിവിയെ ദീപക് ബൈജ് അഭിനന്ദിച്ചു. റിപ്പോര്ട്ടറില് മൂന്ന് ആദിവാസി പെണ്കുട്ടികള് നടത്തിയ വെളിപ്പെടുത്തലിലൂടെ സംഭവത്തിന്റെ പൂര്ണ സത്യം പുറത്തു വന്നുവെന്ന് ദീപക് ബൈജ് പറഞ്ഞു. കേരളത്തിലെയും ഛത്തീസ്ഗഡിലെയും മാധ്യമങ്ങള് സത്യം പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം കാണിച്ചു. അതാണ് ഈ വിഷയത്തില് സത്യത്തിന്റെ വശത്തുനിന്ന് ശക്തമായ ഒരു രാഷ്ട്രീയ അവബോധം വളരാന് ഇടയാക്കിയത്. കേരളത്തിലെ മുഴുവന് മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. എംപിമാരും കേരളത്തിലെ ഇന്ഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സംഘവും എംഎല്എമാരും ഇവിടെ വന്നതില് കൃതജ്ഞത അറിയിക്കുന്നുവെന്നും ദീപക് ബൈജ് കൂട്ടിച്ചേര്ത്തു. കന്യാസ്ത്രീ വിഷയത്തില് ഛത്തീസ്ഗഡിലെ കോണ്ഗ്രസ് എന്ത് ചെയ്തുവെന്ന് വ്യാപക വിമര്ശനം ഉയര്ന്നിരുന്നു. ഇതിനിടെയാണ് ദീപക് ബൈജിന്റെ പ്രതികരണം.
ജൂലൈ 25നായിരുന്നു കേരളത്തില് നിന്നുള്ള കന്യാസ്ത്രീകളായ പ്രീതി മേരി, വനന്ദ ഫ്രാന്സിസ് എന്നിവരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റെയില്വേ പൊലീസ് രജിസ്റ്റര് ചെയ്ത കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിലേക്കും ഒടുവില് എന്ഐഎയിലേക്കും വഴിമാറി. നിര്ബന്ധിത പരിവര്ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകള് ചുമത്തിയായിരുന്നു കേസ് രജിസ്റ്റര് ചെയ്തു. ഇതിന് ശേഷം കൊടുംകുറ്റവാളികളുള്ള ദുര്ഗിലെ ജയിലില് കന്യാസ്ത്രീകളെ പാര്പ്പിച്ചു. ഇതിനെതിരെ കേരളത്തില് വ്യാപക പ്രതിഷേധമായിരുന്നു അരങ്ങേറിയത്. കന്യാസ്ത്രീകള്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ അതിരൂപതകള് പ്രതിഷേധവുമായി തെരുവിലിറങ്ങി. കന്യാസ്ത്രീകള്ക്കായി എല്ഡിഎഫും യുഡിഎഫും ശക്തമായി ഇടപെട്ടു. ബിജെപി പ്രതിനിധി അനൂപ് ആന്റണി ഛത്തീസ്ഗഡില് എത്തിയെങ്കിലും ജാമ്യാപേക്ഷയില് തുടര്നടപടിയുണ്ടാക്കാന് സാധിച്ചില്ലെന്ന വിമര്ശനം ഉയര്ന്നിരുന്നു. എല്ഡിഎഫ്, യുഡിഎഫ് എംപിമാര് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് വിഷയം നേരിട്ട് ധരിപ്പിക്കുയും നിവേദനം നല്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഡ് സര്ക്കാര് കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്കിയെങ്കിലും എന്ഐഎ കോടതി കേസ് പരിഗണിച്ചപ്പോള് പ്രോസിക്യൂഷന് ജാമ്യത്തെ ശക്തമായി എതിര്ത്തു. എന്നാല് കര്ശന വ്യവസ്ഥകളോടെ എന്ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാണ് വ്യാപകമായി ഉയര്ന്നിരിക്കുന്ന ആവശ്യം.
Content Highlights-Chattisgarh congress president against bjp on malayali nuns arrest