ന്യൂഡൽഹി: 37 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പാരസെറ്റാമോൾ, അമോക്സിലിൻ, മെറ്റ്ഫോർമിൻ ഉൾപ്പടെയുള്ള മരുന്നുകൾക്ക് വിലകുറയും. കാർഡിയോവാസ്കുലർ, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണൽ ഫാർമസ്യൂട്ടിക്കൽ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.
വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകളും വില കുറച്ചവയിൽ ഉൾപ്പെടുന്നു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അസെക്ലോഫെനാക്, ട്രിപ്സിൻ കൈമോട്രിപ്സിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിൻ, സിറ്റാഗ്ലിപ്റ്റിൻ, കുട്ടികൾക്കു നൽകുന്ന തുള്ളി മരുന്നുകൾ, വൈറ്റമിൻ ഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും. മുൻ വർഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് അവശ്യ മരുന്നുകളുടെ വില നിർണയിക്കുന്നത്. നിശ്ചയിച്ച വിലകൾ ചരക്ക് സേവന നികുതി (GST) ഒഴികെയുള്ളതാണെന്ന് എൻപിപിഎ വ്യക്തമാക്കി.
ചില്ലറ വ്യാപാരികളും ഡീലർമാരും ഈ പുതുക്കിയ വിലവിവര പട്ടികകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിജ്ഞാപനം ചെയ്ത വിലയിൽ കൂടുതൽ വാങ്ങിയാൽ പിഴ ചുമത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Content Highlights: Centre Cuts Prices Of 37 Essential Medicines