ചണ്ഡിഗഡ്: ഹരിയാനയിൽ ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. ബലിയവാസ് സ്വദേശിയായ ഹരിഷ്(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരിഷിൻ്റെ ലിവ് ഇന് പങ്കാളിയും അശോക് വിഹാര് സ്വദേശിയുമായ യഷ്മീത് കൗറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന് പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് യഷ്മീത് യുവാവിനെ കുത്തിപ്പരിക്കേല്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഹരിഷും യഷ്മീതും ഒരു വർഷത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാൻ പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെയും ഇത്തരത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഹരിഷിനെ കുത്തുകയുമായിരുന്നു. ഹരിഷിനെ കുത്താന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, കുത്തേല്ക്കുന്നതിന് തലേന്ന് ഹരിഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരിഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരിഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടുപിറ്റേന്ന് രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരിഷ് മരിച്ചതായി അറിയിക്കുകയും ചെയ്തെന്നും ഭരത് പൊലീസിനോട് പറഞ്ഞു. വിജയിനെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. എന്തിനാണ് ഭരതില്നിന്ന് ഏഴുലക്ഷം രൂപ ഹരിഷ് വാങ്ങിയത് എന്നതിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
Content Highlight : Woman stabs live-in partner to death