ഒഡീഷയിലെ പെൺകുട്ടി മരിച്ചത് സ്വയം തീകൊളുത്തിയെന്ന് പിതാവ്, കാരണം മാനസിക സമ്മർദ്ദമെന്നും വാദം

പെൺകുട്ടിയെ കൈകൾ ബന്ധിക്കപ്പെട്ട നിലയിലാണ് കണ്ടതെന്ന് മുൻപ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു

ഭുവനേശ്വർ: ഒഡീഷയിൽ 15 വയസുകാരിയെ മൂന്ന് യുവാക്കൾ തീകൊളുത്തിക്കൊന്നുവെന്ന കേസിൽ വിചിത്ര വാദവുമായി പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നും മകൾ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ ചെയ്‌തതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും സർക്കാർ മകളെ രക്ഷിക്കാൻ ചെയ്യാവുന്നത് എല്ലാം ചെയ്തു എന്നും പിതാവ് പറഞ്ഞു. പെൺകുട്ടിയെ കൈകൾ ബന്ധിക്കപ്പെട്ട നിലയിലാണ് കണ്ടതെന്ന് മുൻപ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പൊലീസും സംഭവത്തിന് പിന്നിൽ ആരുമില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇന്നലെയാണ് 15കാരിയായ പെൺകുട്ടി മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പെൺകുട്ടിക്ക് ദേഹമാകെ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ജൂലൈ 19നായിരുന്നു സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴി ആക്രമണം നേരിട്ട് എന്നായിരുന്നു ആദ്യം വന്ന വിവരം. ഭാര്‍ഗവി നദിക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് കാത്തുനിന്ന മൂന്ന് അക്രമികള്‍ പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും തീ കൊളുത്തുകയായിരുന്നുവെന്നുമായിരുന്നു ദൃക്‌സാക്ഷിവിവരണം.

പെണ്‍കുട്ടിയുടെ അലര്‍ച്ചയും പുകയും കണ്ടതിന് പിന്നാലെ സമീപവാസികള്‍ ഓടിയെത്തി. അവരാണ് പെണ്‍കുട്ടിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്കും എത്തിച്ചത്. കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

Content Highlights: odisha girl died by her own, had mental distress, says father

To advertise here,contact us