മനുഷ്യക്കടത്തിന് തെളിവില്ല; ക്രിമിനൽ സ്വഭാവം ഉള്ളവരല്ല; കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചുള്ള വിധിപ്പകർപ്പ്

കുട്ടിക്കാലം മുതല്‍ ക്രിസ്തുമത വിശ്വാസികളായവരാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും വിധിപ്പകർപ്പിൽ

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്തിന് തെളിവില്ലെന്ന് കോടതി. പെണ്‍കുട്ടികള്‍ പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കന്യാസ്ത്രീകളുടെ കസ്റ്റഡി തുടരാന്‍ മതിയായ കാരണങ്ങളില്ലെന്നും വിധി പകര്‍പ്പില്‍ പറയുന്നു. കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയം കൊണ്ടാണ് കേസെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്ക് മുന്‍കാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനല്‍ സ്വഭാവം ഉള്ളവരല്ല കന്യാസ്ത്രീകള്‍ എന്നും കോടതി നിരീക്ഷിച്ചു.

മതപരിവര്‍ത്തനത്തിനോ മനുഷ്യക്കടത്തിനോ അല്ല കന്യാസ്ത്രീകള്‍ക്കൊപ്പം പോയതെന്ന് യുവതികളുടെ മാതാപിതാക്കളുടെ സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാണ്. കുട്ടിക്കാലം മുതല്‍ ക്രിസ്തുമത വിശ്വാസികളായവരാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നത്. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു.

അറസ്റ്റിലായി ഒമ്പതാം ദിവസമാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം.

Content Highlights: No evidence of human trafficking judgment granting bail to Malayali Nuns

To advertise here,contact us