കന്യാസ്ത്രീകളുടെ കാല് പിടിക്കുന്ന രാഹുലും പ്രിയങ്കയും; പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപി

മതപരിവര്‍ത്തകരെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നാണ് പരിഹാസം

റായ്പൂര്‍: കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപി. മതപരിവര്‍ത്തകരെ പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നാണ് പരിഹാസം. എക്സിൽ പങ്കുവെച്ച കാർട്ടൂണിലൂടെയാണ് ബിജെപിയുടെ പരിഹാസം. രണ്ട് തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ ഒരു പെണ്‍കുട്ടിയെ കയറില്‍ കെട്ടി മുട്ടില്‍ ഇരുത്തിയിരിക്കുന്നതും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെ നാലുപേര്‍ കന്യാസ്ത്രീകളുടെ കാല്‍ക്കല്‍ വീഴുന്നതുമാണ് ഛത്തീസ്ഗഡ് ബിജെപിയുടെ എക്‌സ് പോസ്റ്റിലെ കാര്‍ട്ടൂണിലുണ്ടായിരുന്നത്. എന്നാല്‍ അല്‍പ്പസമയത്തിനുളളില്‍ ട്വീറ്റ് പിന്‍വലിച്ചു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എംപിയും രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കന്യാസ്ത്രീകളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് നീതീകരിക്കാനാകില്ലെന്നും അത് ബിജെപി-ആര്‍എസ്എസ് ആള്‍ക്കൂട്ട വിചാരണയാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

'കന്യാസ്ത്രീകളുടെ അറസ്റ്റ് ഈ ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് വ്യവസ്ഥാപിതമായ രീതിയില്‍ പീഡിപ്പിക്കുന്നത് എന്നത് വ്യക്തമാക്കുന്നു. അറസ്റ്റിനെതിരെ യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും ഈ അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു'- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുളള നടപടി ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കുമേലുളള കടന്നാക്രമണമാണ് എന്നാണ് പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞത്. ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും വര്‍ഗീയതയ്ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. ഇവരുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധിപറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തിരുന്നു.

കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിനെ കൂടാതെ ബജ്‌റംഗ്ദളിന്റെ അഭിഭാഷകരുടെയും ആവശ്യം. കടുത്ത ഭാഷയിൽ ആണ് ബജ്‌റംഗ്ദൾ അഭിഭാഷകർ കഴിഞ്ഞദിവസം കോടതിയിൽ എതിർപ്പ് ഉന്നയിച്ചത്. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ നിർബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാൻ ശ്രമിച്ചതെന്ന് അഭിഭാഷകർ വാദിച്ചിരുന്നു

Content Highlights: Chhattisgarh BJP's post mocking Congress and nuns: withdrawn within minutes

To advertise here,contact us