ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9ന്

ജ​ഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും അന്ന് നടക്കും. ആ​ഗസ്റ്റ് 21നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആ​ഗസ്റ്റ് 22ന് സൂക്ഷ്മ പരിശോധന നടക്കും. ജ​ഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

പാർലമെന്റിൻ്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമാണുള്ളത്.

ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപ രാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻകറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ് ഉപരാഷ്ട്രപതിമാർ. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്. ഇവർക്ക് ശേഷം ഗോപാൽ സ്വരൂപ് പഥ, ശങ്കർ ദയാൽ ശർമ്മ എന്നിവർ ആ സ്ഥാനത്തേക്കെത്തിയിരുന്നു.

ജൂലൈ 21നായിരുന്നു ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ധൻകറിൻ്റെ രാജി. 'ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു' എന്നായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ വ്യക്തമാക്കിയിരുന്നത്.

ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുളള പ്രമേയ നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നിരവധി തവണ ജഗ്ദീപ് ധൻകറിനെ കണ്ടിരുന്നു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ തുടങ്ങിയവർ ധൻകറിനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായിത്തന്നെ, ഇരുസഭകളിലും ഇത്തരത്തിലൊരു പ്രമേയം കേന്ദ്രസർക്കാർ തന്നെ അവതരിപ്പിക്കുമെന്നും ധൻകറിനെ അറിയിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വില കൊടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധൻകർ പ്രാധാന്യം നൽകിയതാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്ന വിവരവും പുറത്ത് വന്നിരുന്നു.

ഇതിന് പുറമെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വൺസ് ഇന്ത്യ സന്ദർശിച്ചപ്പോൾ, മോദിക്ക് പുറമെ താനും വാൻസുമായി കൂടിക്കാഴ്ച നടത്തുമെന്ന് ധൻകർ പറഞ്ഞിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നു. കേന്ദ്രമന്ത്രിമാരുടെ ഓഫീസിൽ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊപ്പം തന്റെ ചിത്രവും സ്ഥാപിക്കണമെന്നും, തന്റെ വാഹനവ്യൂഹം ബെൻസ് കാറുകളാക്കി മാറ്റണമെന്നും ധൻകർ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോ‍‍ർട്ടുണ്ട്. എന്നാൽ ഇതൊന്നും നടപ്പായിരുന്നില്ല. തുടർന്നുണ്ടായ അതൃപ്തിയും രാജിക്ക് ഒരു കാരണമായിരിക്കാമെന്നും വിവരങ്ങളുണ്ടായിരുന്നു.

രാജിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നിരവധി പ്രതിപക്ഷനേതാക്കളും രംഗത്തുവന്നിരുന്നു. ധൻകറിന്റെ രാജിക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ്ദമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം പി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു. രാജിവെച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് ധൻകറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ടിഎംസിയുടെ ആരോപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാൺ ബാനർജി ആരോപിച്ചിരുന്നു.

2022 ഓഗസ്റ്റ് 11 നാണ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ധൻകർ.

Content Highlights:Vice Presidential election on September 9

To advertise here,contact us