റായ്പൂര്: ഛത്തീസ്ഗഡില് അറസ്റ്റിലായ കന്യാസ്ത്രീകള്ക്ക് ഒരു കരണവശാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷന് എന്ഐഎ കോടതിയില് പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന് ഭാഗം അഭിഭാഷകന് പ്രങ്കുഷ് മിശ്ര റിപ്പോര്ട്ടറിനോട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കന്യാസ്ത്രീകള് നിര്ബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാന് ശ്രമിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
ഇത് മതപരിവര്ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ്. കന്യാസ്ത്രീകള് ഇത് തുടര്ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല് കന്യാസ്ത്രീകള് നിര്ബന്ധിത മതപരിവര്ത്തനം തുടരും. ഇത് തന്നെയാണ് ഛത്തീസ്ഗഡ് സര്ക്കാരിന്റെ നിലപാട്. സെഷന്സ് കോടതിയിലും എന്ഐഎ കോടതിയിലും ഇത് തന്നെയാണ് ആവര്ത്തിച്ചതെന്നും പ്രങ്കുഷ് മിശ്ര വ്യക്തമാക്കി. വിഷയത്തില് കേന്ദ്ര സര്ക്കാരിന്റെ നിലപാട് എന്താണെന്ന് തങ്ങള്ക്ക് അറിയില്ല. കോടതിയില് നാളെയും ഇത് തന്നെ ആവര്ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് എംപിമാർ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചർച്ച നടത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നായിരുന്നു അമിത് ഷായുടെ ഉറപ്പ്. എന്നാൽ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. കേസില് അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന് കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്. നിര്ബന്ധിത മതപരിവര്ത്തനം നടന്ന കേസാണിതെന്നും തെളിവുകള് സമാഹരിക്കുന്ന സമയം പ്രതികള് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെൺകുട്ടികൾ. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കിയിരുന്നു. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
Content Highlights -'Nuns should not be granted bail under any circumstances'; Prosecution tells court