മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ NIA കോടതിയിൽ സമർപ്പിക്കും

കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും

റായ്പൂർ: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനം. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയും NIA കോടതി പ്രവർത്തിക്കുന്നുവെന്നത് കണക്കിലെടുത്താണ് തീരുമാനം. കന്യാസ്ത്രീകളുടെ കുടുംബം, റായ്പൂർ അതിരൂപത നേതൃത്വം, റോജി എം ജോൺ എംഎൽഎ എന്നിവർ അഭിഭാഷകനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.

കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും. പ്രതികൂല വിധിയെങ്കിൽ ഉച്ചക്ക് ശേഷമോ, തിങ്കളാഴ്ചയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാൻ നേരത്തെ ദുർഗ് സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ ഛത്തീസ്​ഗഡ് സ‍ർക്കാർ എതി‍ർത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതും എൻഐഎ കോടതിയെ സമീപിക്കാൻ നി‍ർദ്ദേശിച്ചതും. ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്.

എൻഐഎ കോടതിയിൽ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതായി നേരത്തെ റിപ്പോർ‌ട്ടുകളുണ്ടായിരുന്നു. എൻഐഎ കോടതിയിൽ നിയമനടപടികൾ സങ്കീർണമാകും എന്നായിരുന്നു വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകൾക്കായി ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനും ആലോചനയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.

കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെൺകുട്ടികൾ. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കിയിരുന്നു. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി യുഡിഎഫ്, ഇടത് എംപിമാരും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഛത്തീസ്ഗഡിൽ എത്തിയിരുന്നു. യുഡിഎഫ് എംപിമാരും ബിജെപി പ്രതിനിധിയും ഇന്നലെയും ഇടത് എംപിമാർ ഇന്നുമായി കന്യാസ്ത്രീകളെ സന്ദർശിച്ചു. കന്യാസ്ത്രീകൾക്ക് നീതി തേടി ഇടത് എംപിമാർ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് നിവേദനം നൽകി. വിമാനത്തിൽവെച്ചാണ് നിവേദനം നൽകിയത്. കന്യാസ്ത്രീകൾക്ക് നീതി തേടി സിബിസിഐയുടെ നേതൃത്വത്തിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്.

Content Highlights: Arrest of three Malayali nuns Bail application filed in NIA court

To advertise here,contact us