'കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു'' നിർണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

'അവരെ തല്ലരുതെന്നും വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ' എന്നായിരുന്നു ബജറംഗ്ദള്‍ പ്രവർത്തകരോട് കന്യാസ്ത്രീകൾ പറഞ്ഞിരുന്നത്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി. ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ തങ്ങളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബജറംഗ്ദള്‍ പറഞ്ഞത് പ്രകാരം കേസെടുക്കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തി.

ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര തിരിച്ചതെന്നും യുവതി വെളിപ്പെടുത്തി.

മാതാപിതാക്കൾക്കും നാല് സഹോദരിമാര്‍ക്കും ഒപ്പമാണ് യുവതി താമസിക്കുന്നത്. ദിവസ കൂലിക്കാണ് മുന്‍പ് ജോലി ചെയ്തിരുന്നത്. 250 രൂപയായിരുന്നു ഇവരുടെ ദിവസ വേതനം. അങ്ങനെയിരിക്കെയാണ് യുവതിയോട് നിലവില്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പം അറസ്റ്റിലായിരിക്കുന്ന മാണ്ഡവി എന്ന യുവാവ് ഡല്‍ഹിയില്‍ ഒരു ജോലി ശരിയാക്കി തരാമെന്ന് പറയുന്നത്. മാസം പതിനായിരം രൂപ ലഭിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ രോഗികളെ പരിപാലിക്കുക, കന്യാസ്ത്രീകള്‍ക്ക് ഭക്ഷണം വെച്ച് നല്‍കുക എന്നിവയാണ് ജോലി. അങ്ങനെയാണ് യുവതി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ എത്തുന്നത്. ഇവിടെ വെച്ചാണ് തങ്ങള്‍ ആദ്യമായി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന കന്യാസ്ത്രീകളെ കാണുന്നതെന്നും യുവതി വ്യക്തമാക്കി.

എന്നാല്‍ ഇതിനിടയില്‍ ബജറംഗ് ദള്‍ പ്രവര്‍ത്തകരും ജിആര്‍പിയും എത്തിചേരുകയായിരുന്നു. ഇതില്‍ ജ്യോതി ശര്‍മ തന്റെ മുഖത്ത് രണ്ട് വട്ടം അടിച്ചിരുന്നുവെന്നും കന്യാസ്ത്രീകൾ ഇതിനെ എതിർത്തിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവരെ തല്ലരുതെന്നും വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ എന്നുമായിരുന്നു കന്യാസ്ത്രീകൾ പറഞ്ഞിരുന്നത് എന്നാണ് യുവതി പറയുന്നത്. അതേ സമയം, ആരോപണങ്ങളെ ജ്യോതി ശര്‍മ തള്ളി. പൊലീസിന് മുന്നില്‍ വെച്ച് എങ്ങനെയാണ് യുവതിയെ തല്ലുന്നത് എന്നായിരുന്നു ജ്യോതി ശർമ്മയുടെ മറുപടി.

അതേ സമയം, അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുകയാണ്. ഇരുവരും ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ടാകുന്നത്. ഇതിനിടയിൽ  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തില്‍ നിന്ന് യുഡിഎഫ്, എൽഡിഎഫ് എംപിമാരും രംഗത്തെത്തി. ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായെ കണ്ട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരു പക്ഷത്തെയും എംപിമാർ അറിയിച്ചു. സംഭവത്തില്‍ അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. വിഷയം സജീവമായ പശ്ചാത്തലത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. പെൺകുട്ടികളെ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് കൊണ്ടുപോവുകയായിരുന്നു മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ല.

Content Highlights- Revelation of Chattisgarh woman on Nun arrest case

To advertise here,contact us